Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിഎമ്മില്‍ വിശ്വസിക്കാം; എല്ലാ വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി : വിവിപാറ്റ് വഴിയുള്ള പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയ 100 ശതമാനം വോട്ടുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഏകകണ്ഠമായ വിധി പ്രസ്താവിച്ചത്. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

'സന്തുലിതമായ കാഴ്ചപ്പാട് പ്രധാനമാണെങ്കിലും, ഒരു വ്യവസ്ഥിതിയെ അന്ധമായി സംശയിക്കുന്നത് അനാവശ്യ സന്ദേഹം വളര്‍ത്തിയെടുക്കും. അര്‍ത്ഥവത്തായ വിമര്‍ശനം ആവശ്യമാണ്. ജനാധിപത്യം എന്നത് വിശ്വാസത്തിന്റെ സംസ്‌കാരം പരിപോഷിപ്പിച്ചുകൊണ്ട് എല്ലാ സ്തംഭങ്ങള്‍ക്കിടയിലും ഐക്യവും വിശ്വാസവും സഹകരണവും നിലനിര്‍ത്തുക എന്നതാണ്,' കോടതി നിരീക്ഷിച്ചു.

supreme court

നമ്മുടെ ജനാധിപത്യത്തിന്റെ ശബ്ദം ശക്തിപ്പെടുത്തണം എന്നും ജസ്റ്റിസ് ദീപങ്കര്‍ ദത്ത വിധിന്യായത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോടതിയുടെ സമീപനം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന് രണ്ട് നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കി. ഇവിഎമ്മുകളിലെ സിംബല്‍ ലോഡിംഗ് യൂണിറ്റ് ചിഹ്നങ്ങള്‍ ലോഡുചെയ്തതിന് ശേഷം സീല്‍ ചെയ്യണമെന്നും ഈ യൂണിറ്റ് കുറഞ്ഞത് 45 ദിവസമെങ്കിലും സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.

വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ ഒരു യന്ത്രം ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. ബാലറ്റ് പേപ്പറുകള്‍ വീണ്ടും അവലംബിക്കണമെന്നതുള്‍പ്പെടെയുള്ള എല്ലാ ഹര്‍ജികളും കോടതി തള്ളിയതായി വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. അതേസമയം രണ്ടും മൂന്നും സ്ഥാനാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരം വോട്ടെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം നിര്‍മ്മാതാവിന് ഇവിഎമ്മുകളുടെ മൈക്രോകണ്‍ട്രോളര്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനകം ഫീസ് അടച്ച് ഇവിഎമ്മുകളുടെ മൈക്രോ കണ്‍ട്രോളര്‍ പരിശോധിക്കാനുള്ള അപേക്ഷ നല്‍കാമെന്നും സുപ്രീം കോടതി പറഞ്ഞു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), അഭയ് ഭക്ചന്ദ് ഛജേദ്, അരുണ്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് ഇവിഎമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണം എന്ന് ആവശ്യപ്പെട്ട് റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്.

നിലവില്‍, ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ അസംബ്ലി സെഗ്മെന്റിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകളില്‍ മാത്രമാണ് വിവിപാറ്റ് പരിശോധന നടത്തുന്നത്. ഒരു സാഹചര്യത്തിലും ഇവിഎമ്മുകളില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്നും വിവിപാറ്റ് സ്ലിപ്പുകളുടെ സമ്പൂര്‍ണ്ണ എണ്ണല്‍ പ്രായോഗികമായി സാധ്യമല്ലെന്നും കേസില്‍ വാദം കേള്‍ക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+