നീറ്റ് യുജി: പോരായ്മകളുണ്ടെങ്കിലും പുനഃപരീക്ഷയില്ല, ഹർജികള്‍ തള്ളി സുപ്രീംകോടതി
ഡല്‍ഹി: നീറ്റ് യുജി പ്രവേശന പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികള്‍ തള്ളി സുപ്രീംകോടതി. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരീക്ഷയെ വലിയ തോതില്‍ ബാധിച്ചതായി വ്യക്തമാക്കുന്ന ഒരു തെളിവുകളും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുനഃപരീക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളിയത്.

ഇത്തവണത്തെ നീറ്റ് പരീക്ഷയില്‍ പോരായ്മകളുണ്ടെന്ന് കോടതി വ്യക്തമാക്കിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അത് ജാർഖണ്ഡിലേയും പാട്നയിലേയും ചില കേന്ദ്രങ്ങളിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി ബി ഐ സംഘം അന്വേഷണം നടത്തുകയാണ്. അന്വേഷണം ഇതുവരെ അന്തിമ ഘട്ടത്തില്‍ എത്തിയിട്ടില്ല. ഭാവിയില്‍ നടത്തുന്ന പരീക്ഷകള്‍ക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത് 23 ലക്ഷം പേരാണ്. അതില്‍തന്നെ 20 ലക്ഷം പേര്‍ യോഗ്യത നേടിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കുന്നത് അവരെ സംബന്ധിച്ച് വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ നേരത്തെ തന്നെ എന്‍ ടി എയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വ്യാപക ചോര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു എന്‍ ടി എ വാദം.
അതേസമയം, സംസ്ഥാനത്ത് നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഒഴിവാക്കി, ബിരുദ, ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികൾക്ക് പുതിയ പ്രവേശന പരീക്ഷ നടത്താനുള്ള പ്രമേയത്തിന് കർണാടക മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകി.
തിങ്കളാഴ്ച രാത്രി വൈകി നടന്ന സമ്മേളനത്തിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മറ്റ് രണ്ട് പ്രമേയങ്ങളും അംഗീകരിക്കുകായിരുന്നു.
സംസ്ഥാന നിയമസഭകളുടെയും ലോക്‌സഭാ മണ്ഡലങ്ങളുടെയും ഡീലിമിറ്റേഷൻ സംബന്ധിച്ചുള്ളതും 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തെ എതിർക്കുന്നതുമായിരുന്നു മറ്റ് രണ്ട് പ്രമേയങ്ങള്‍. നീറ്റി നെ ചുറ്റിപ്പറ്റിയുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് കർണാടക പുതിയ നീക്കവുമായി മുന്നോട്ട് വന്നത്. കഴിഞ്ഞയാഴ്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നീറ്റ് റദ്ദാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താൻ അനുമതി നൽകണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
'നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഗുരുതരമാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയുടെ ചോദ്യമാണിത്. കേന്ദ്രം നീറ്റ് റദ്ദാക്കുകയും സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താൻ അനുമതി നൽകുകയും വേണം. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാനങ്ങൾ നടത്തുന്ന ടെസ്റ്റുകളിൽ പങ്കെടുക്കാം' ശിവകുമാർ വ്യക്തമാക്കി.












Click it and Unblock the Notifications