കോലിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കും
ദില്ലി: സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കും. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരീന്ദര്‍ കോലി നല്‍കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണിത്.
സുപ്രീംകോടതി നേരത്തെ വധശിക്ഷയ്ക്കു വിധിച്ച സുരീന്ദര്‍ കോലിയുടെ ദയാഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് പുന:പരിശോധനാ ഹര്‍ജിയുമായി കോലി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, കേസ് പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും നേരത്തെയുള്ള കോടതിവിധിയില്‍ തെറ്റില്ലെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു, ജസ്റ്റീസുമാരായ അനില്‍ ആര്‍.ദവെ, എസ്.എ.ബോബ്‌ഡെ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനിയാണ് കോലിക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. കോലിക്ക് ശരിയായ രീതിയില്‍ നിയമസഹായം ലഭിച്ചില്ലെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. എന്നാല്‍ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല.
2006ല്‍ റിംപ ഹല്‍ദര്‍ എന്ന പെണ്‍കുട്ടിയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കോലി നിരവധിപേരെ നേരത്തെയും കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സ്ഥലത്തുനിന്നും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതി ചെയ്തതെന്ന് വിവിധ കോടതികള്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications