ജുഡീഷ്യല്‍ സര്‍വീസില്‍ അപേക്ഷിക്കാന്‍ മൂന്ന് വര്‍ഷം അഭിഭാഷക പ്രാക്ടീസ് നിര്‍ബന്ധമാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: ജുഡീഷ്യല്‍ സര്‍വീസില്‍ അപേക്ഷിക്കാന്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ എജി മാസിഹ്, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സിവില്‍ ജഡ്ജ് തസ്തികയിലേക്കുള്ള (ജൂനിയര്‍ ഡിവിഷന്‍) പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അഭിഭാഷകനായി കുറഞ്ഞത് മൂന്നു വര്‍ഷത്തെ പരിചയമെങ്കിലും വേണമെന്ന് വ്യവസ്ഥയാണ് സുപ്രീം കോടതി പുനസ്ഥാപിച്ചത്. യാതൊരു നിയമ പരിശീലനവും ഇല്ലാത്ത പുതിയ നിയമ ബിരുദധാരികളെ ജുഡീഷ്യല്‍ സര്‍വീസില്‍ നിയമിക്കുന്നത് ദോഷകരമാണെന്ന് നിരീക്ഷണത്തിലാണ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ഉത്തരവ്.

നിയമ പുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള അറിവ് കോടതി സംവിധാനത്തിന്റെയും നീതി നിര്‍വഹണത്തിന്റെയും നേരിട്ടുള്ള അനുഭവത്തിന് ഒരിക്കലും പര്യാപ്തമാകില്ലെന്ന് വിധിന്യായത്തില്‍ സൂപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു
ഒരു ദിവസം പോലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാത്ത നിയമ ബിരുദധാരികളെ ജഡ്ജിമാരായി നിയമിക്കുന്നത് വിജയകരമായ തീരുമാനം ആയിരുന്നില്ല. ജഡ്ജിമാര്‍ തങ്ങള്‍ സ്ഥാനം ഏറ്റെടുക്കുന്ന ദിവസം മുതല്‍ ജീവിതം, സ്വാതന്ത്ര്യം, സ്വത്ത് എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അതിന് പരിശീലനം അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് ഈ പുതിയ ഉത്തരവ് ബാധകമായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഭാവിയിലുള്ള നിയമനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമാകും.
നിലവില്‍ സിവില്‍ ജഡ്ജ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മുതിര്‍ന്ന അഭിഭാഷകനില്‍ നിന്ന് സാക്ഷ്യപ്പെടുത്തണം. ഈ മുതിര്‍ന്ന അഭിഭാഷകന് പത്തു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഇതു കൂടാതെ ഒരു ജുഡീഷ്യല്‍ ഓഫീസറുടെയോ കോടതി നിയോഗിച്ച ഉദ്യോഗസ്ഥന്റെയോ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. താല്‍ക്കാലിക എന്റോള്‍മെന്റ് തീയതി മുതല്‍ ഉദ്യോഗാര്‍ത്ഥിയുടെ നിയമ പരിശീലന കാലയളവ് കണക്കാക്കും.












Click it and Unblock the Notifications