എംബിബിഎസിന് ചേർന്നവർ വീണ്ടും കുടുങ്ങി! രണ്ട് സ്വാശ്രയ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി...
എംബിബിഎസ് പ്രവേശനത്തിനായി ഹൈക്കോടതി നൽകിയ താത്ക്കാലിക അനുമതിയാണ് സുപ്രീംകോടതി റദ്ദ് ചെയ്തത്.
ദില്ലി: സംസ്ഥാനത്തെ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. അടൂർ മൗണ്ട് സിയോൺ, വയനാട് ഡിഎം എന്നീ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്.
എംബിബിഎസ് പ്രവേശനത്തിനായി ഹൈക്കോടതി നൽകിയ താത്ക്കാലിക അനുമതിയാണ് സുപ്രീംകോടതി റദ്ദ് ചെയ്തത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി പ്രവേശനാനുമതി റദ്ദാക്കിയത്. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളിൽ പ്രവേശനം നടത്തുന്നതിനെതിരെയാണ് എംസിഐ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

അതേസമയം, അംഗീകാരം റദ്ദാക്കിയതിനും, പ്രവേശനാനുമതി റദ്ദാക്കിയതിനുമെതിരെ കോളേജുകൾക്ക് റിട്ട് ഹർജി സമർപ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ പ്രവേശനാനുമതി നിഷേധിച്ച തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ആദ്യം പ്രവേശനാനുമതി നിഷേധിച്ചെങ്കിലും, വയനാട് ഡിഎം, മൗണ്ട് സിയോൺ കോളേജുകൾ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി സ്വന്തമാക്കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ രണ്ട് മെഡിക്കൽ കോളേജുകളും എംബിബിഎസ് സീറ്റുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്. എന്നാൽ സുപ്രീംകോടതിയുടെ പുതിയ വിധിയോടെ ഈ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications