കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശം; നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി
കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്ക് മൗലികാവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നടപടി. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഏര്‍പ്പെടുത്തുന്ന പൊതുവായ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി തള്ളി. അതേസമയം, കുട്ടികളെ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കര്‍ശനമായ ഒരു ചട്ടക്കൂട് ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
വിവിധ പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കണം. കുട്ടികളുടെ സുരക്ഷയും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവരുടെ സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ അവകാശങ്ങള്‍ കവരാതെ തന്നെ, അവര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുകയാണ് വേണ്ടത്.

ഇന്റര്‍നെറ്റ് ഉപയോഗം പൂര്‍ണമായും നിഷേധിക്കുന്നത് യുക്തിസഹമല്ലെന്നും കോടതി വ്യക്തമാക്കി. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ കുട്ടികളെ, യാതൊരു നിയന്ത്രണവുമില്ലാത്തതും കൂടുതല്‍ അപകടകരവുമായ വെബ്സൈറ്റുകളിലേക്ക് നയിച്ചേക്കാമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഓണ്‍ലൈനില്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുകയോ ഭീഷണി നേരിടുകയോ ചെയ്യുന്ന കുട്ടികള്‍, നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ശിക്ഷ ലഭിക്കുമോ എന്ന ഭയത്താല്‍, ഇത്തരം സംഭവങ്ങളെക്കുറിച്ച് മാതാപിതാക്കളോടോ മുതിര്‍ന്നവരോടോ പറയാന്‍ മടിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും, കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തുടരുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.
ഇരകളെ സംരക്ഷിക്കുന്നതിനായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതിന് അധികാരികളെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെയും കോടതി വിമര്‍ശിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും ശക്തിപ്പെടുത്തുന്നതിന് സുപ്രീം കോടതി കേന്ദ്ര ,സര്‍ക്കാരിനും ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പ്രാഥമിക വിദ്യാലയ തലം മുതല്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും അവബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ രംഗത്തെ അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുക, ദുരുപയോഗമോ ഭീഷണിയോ നേരിടേണ്ടി വരുമ്പോള്‍ സഹായം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
കുട്ടികളുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ, ദോഷകരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയുകയാണ് വേണ്ടത് എന്ന് കോടതി ഓര്‍മിപ്പിച്ചു.


Click it and Unblock the Notifications
