നവജ്യോത് സിദ്ദു അഴിക്കുള്ളിലേക്ക്, 34 വര്‍ഷത്തിനൊടുവില്‍ ഒരു വര്‍ഷത്തെ തടവ് വിധിച്ച് സുപ്രീം കോടതി
ദില്ലി: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ്. സുപ്രീം കോടതിയാണ് ഇങ്ങനൊരു ശിക്ഷ വിധിച്ചത്. 1988ല്‍ സിദ്ദു അടക്കം ഉണ്ടായ ഒരു അനിഷ്ട സംഭവത്തിലാണ് സുപ്രീം കോടതിയുടെ വിധി. ഇതിലൊരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ കുടുംബത്തിന്റെ റിവ്യൂ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ഈ കേസില്‍ ആയിരം രൂപയായിരുന്നു സിദ്ദുവിന് പിഴ വിധിച്ചത്. സിദ്ദുവിനെതിരായ കൊലപാതക കേസില്‍ നേരത്തെ കോടതി വിധി പറഞ്ഞിരുന്നു. ഇതില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മനപ്പൂര്‍വം ഒരു വ്യക്തിയെ മര്‍ദിച്ചതിലും മുറിവേല്‍പ്പിച്ചതിലും സിദ്ദു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2018 മെയില്‍ സുപ്രീം കോടതിയുടെ തന്നെ വിധിയുണ്ടായിരുന്നു. ആ വിധി പുനപ്പരിശോധിക്കാന്‍ റിവ്യൂ ഹര്‍ജി നല്‍കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സിദ്ദുവുമായുണ്ടായ പ്രശ്‌നത്തില്‍ പട്യാല സ്വദേശിയായ ഗുര്‍നാം സിംഗ് മരിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പഞ്ചാബ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കും. ആയിരം രൂപ പിഴ മാത്രം ചുമത്തിയ കോടതി വിധിയാണ് ഇതോടെ പരമാവധി ശിക്ഷയിലേക്ക് മാറിയത്. നേരത്തെ പഞ്ചാബ് ആന്‍ഡ് ഹരിയാന കോടതി സിദ്ദുവിനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇത് സുപ്രീം കോടതി തള്ളിയിരുന്നു. മനപ്പൂര്‍വമുള്ള നരഹത്യക്ക് സിദ്ദു കാരണക്കാരനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
മനപ്പൂര്‍വം ഒരാളെ മര്‍ദിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്‌തെന്ന് കോടതി പറഞ്ഞെങ്കിലും ആകെ ആയിരം രൂപയാണ് കോടതി പിഴ ചുമത്തിയത്. ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇത് കുടുബാംഗങ്ങളില്‍ നിന്ന് വരെ രോഷത്തിന് കാരണമായിരുന്നു. അതേസമയം ഈ കേസ് അകാലിദള്‍ നേതാവ് ബിക്രം മജീദിയ കുത്തിപ്പൊക്കിയതാണെന്ന് സിദ്ദുവിന്റെ ഭാര്യ തിരഞ്ഞെടുപ്പ് സമയത്ത് ആരോപിച്ചിരുന്നു. 1988ല്‍ വലിയ വിവാദമായ കേസായിരുന്നു ഇത്. വാഹനം വഴിമാറി കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സിദ്ദുവും സുഹൃത്തും ചേര്‍ന്ന് ഗുര്‍നാം സിംഗിനെ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ പിന്നീട് മരിച്ചു.
പട്യാലയിലെ ഷേരന്‍വാലയിലെ ഗേറ്റ് ക്രോസിംഗിന് നടുവിലായി സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിംഗ് സന്ധുവും തങ്ങളുടെ ജിപ്‌സി പാര്‍ക്ക് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇവിടേക്ക് 65കാരനായ ഗുര്‍നാം സിംഗ് വരികയും, ഇവരോട് കാര്‍ മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ സിദ്ദു ഇയാളെ മര്‍ദിക്കുകയായിരുന്നു. അത് മാത്രമല്ല ഇയാളുടെ കാറിന്റെ താക്കോലും സിദ്ദു ഊരി മാറ്റി. അതിന് ശേഷമാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഇതോടെ ഇയാള്‍ക്ക് മെഡിക്കല്‍ സഹായവും ലഭിച്ചില്ല. അങ്ങനെയാണ് ഗുര്‍നാം സിംഗ് മരിച്ചത്. 1999ല്‍ സിദ്ദുവിനെ കൊലപാതക കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു.എന്നാല്‍ 2006ല്‍കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.












Click it and Unblock the Notifications