'ഈ ധിക്കാരം വെച്ചുപൊറുപ്പിക്കില്ല'; രാംദേവിനെ കുടഞ്ഞ് സുപ്രീംകോടതി, കേന്ദ്രത്തിനും കൊട്ട്
ന്യൂഡല്‍ഹി: യോഗഗുരുവും പതഞ്ജലി ആയുര്‍വേദിന്റെ സ്ഥാപകനുമായ ബാബാ രാംദേവിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കമ്പനിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ ശരിയായ സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തതിനെ ധിക്കാരം എന്ന് വിശേഷിപ്പിച്ച കോടതി രാജ്യത്തുടനീളമുള്ള കോടതികള്‍ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും വ്യക്തമാക്കി.
ബാബാ രാംദിവേനൊപ്പം പതഞ്ജലി ആയുര്‍വേദ് മാനേജിംഗ് ഡയറക്ടര്‍ ബാലകൃഷ്ണയും സുപ്രീംകോടതിയില്‍ എത്തിയിരുന്നു. കോടതിയില്‍ നിരുപാധിക മാപ്പ് പറയാനാണ് രാംദേവും ബാലകൃഷ്ണയും എത്തിയിരിക്കുന്നത് എന്ന് പതഞ്ജലിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ക്ക് പതഞ്ജലി മുഴുവന്‍ രാജ്യത്തോടും മാപ്പ് പറയണം എന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസില്‍ വാദം കേട്ടത്. അതിനിടെ പതഞ്ജലി കഴിഞ്ഞ മാസം നല്‍കിയ മാപ്പപേക്ഷ സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചു. കമ്പനിയുടെ ക്ഷമാപണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് ഹിമ കോഹ്ലി പറഞ്ഞു. കോടതിയില്‍ വ്യക്തിപരമായി മാപ്പ് പറയാന്‍ രാംദേവും ബാലകൃഷ്ണയും തയ്യാറാണെന്ന് രാംദേവിന്റെ അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ മാപ്പ് പറയുന്നത് വൃഥാവിലാണ് എന്ന് കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരും ഇന്ന് നേരിട്ട് ഹാജരായത്. എന്നാല്‍, കോടതിയില്‍ ഉണ്ടായിരുന്ന ഒരു മണിക്കൂറും ഇരുവര്‍ക്കും ഒന്നും പറയാന്‍ ബെഞ്ച് അനുമതി നല്‍കാതിരുന്നത് ശ്രദ്ധേയമായി. ഇരുവരും സത്യവാങ്മൂലത്തിലൂടെ അറിയിച്ച ഖേദം ആത്മാര്‍ത്ഥമല്ലെന്ന് ജസ്റ്റിസുമാര്‍ ചൂണ്ടിക്കാട്ടി.
സത്യവാങ്മൂലത്തിലെ ചില രേഖകളുടെ വിശ്വാസ്യതയും കോടതി ചോദ്യംചെയ്തു. വ്യാജമായ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ ഉണ്ടെങ്കില്‍ അതിന് കര്‍ശന നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഒരാഴ്ചയ്ക്കകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബാബാ രാംദേവിനും ബാലകൃഷ്ണയ്ക്കും സുപ്രീം കോടതി അവസാന അവസരം നല്‍കി. കേന്ദ്ര സര്‍ക്കാരിനും കോടതിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു.
അലോപ്പതിയില്‍ കൊവിഡിന് പ്രതിവിധികളൊന്നുമില്ലെന്ന് പറഞ്ഞ് പതഞ്ജലി പ്രചരണം നടത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചത് എന്തുകൊണ്ടാണെന്ന് ആശ്ചര്യപ്പെടുന്നു എന്നും കോടതി പറഞ്ഞു. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ഏപ്രില്‍ 10-നും ബാബാ രാംദേവിനോടും ബാലകൃഷ്ണയോടും കോടതിയില്‍ ഹാജരാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഐഎംഎ ആണ് പതഞ്ജലിക്കെതിരെ ഹര്‍ജി നല്‍കിയത്. കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കോടതിയലക്ഷ്യ നടപടി രാംദേവും സംഘവും തുടര്‍ന്നെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications