'ജഡ്ജിക്ക് തികഞ്ഞ അശ്രദ്ധ, മനുഷ്യത്വരഹിതം': ബലാത്സംഗ ശ്രമക്കേസിലെ അലഹബാദ് ഹൈക്കോടതി വിധിക്ക് സ്റ്റേ
ന്യൂഡല്‍ഹി: ബലാത്സംഗശ്രമം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് ജസ്റ്റിസുമാരായ ബി .ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്തത്. ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
മാർച്ച് 17-ലെ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ 'വീ ദ വിമൻ ഓഫ് ഇന്ത്യ' എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു കോടതി സ്വമേധയാ കേസ് എടുത്തത്. കേസ് പരിഗണിക്കുകയായിരുന്ന സുപ്രീംകോടതി ശ്രദ്ധേയമായ പരാമർശങ്ങളും നടത്തിയിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി ഉത്തരവ് മനുഷ്യത്വരഹിതവും ഞെട്ടിക്കുന്നതുമാണെന്ന് ബി ആര്‍ ഗവായും അഗസ്റ്റിന്‍ ജോര്‍ജ് മസീഹും ചൂണ്ടിക്കാട്ടി.

ഏതെങ്കിലും ഒരു നിമിഷത്തിൽ തോന്നിയ വികാരത്തിന്റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതിയുടെ വിവാദ വിധി ഉണ്ടായതെന്ന് പറയുന്നതില്‍ ഞങ്ങൾക്ക് ഖേദമുണ്ട്. അത് തിടുക്കത്തിൽ എടുത്ത തീരുമാനമല്ല, മറിച്ച് മാറ്റിവെച്ച് നാല് മാസത്തിന് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. നിയമത്തിൽ കേട്ട് കേൾവിയില്ലാത്ത നടപടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്നും വ്യക്തമാക്കിയ സുപ്രീം കോടതി കേസിൽ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസ് അയക്കുകയും ചെയ്തു.
ബലാത്സംഗ ശ്രമ കേസിലെ പ്രതിയുടെ ക്രിമിനൽ റിവിഷൻ ഹർജി അനുവദിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി റാം മനോഹർ നാരായൺ മിശ്രയായിരുന്നു വിവാദ വിധി പുറപ്പെടുവിച്ചത്. ബലാത്സംഗ കുറ്റത്തിന് സമന്‍സ് അയക്കാനുള്ള കീഴ്‌ക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിധി. വിധിക്കെതിരെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി അടക്കമുള്ളവരും രംഗത്ത് വന്നിരുന്നു.
വിധി തെറ്റാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി സുപ്രീംകോടതി ഈ വിഷയത്തില്‍ ഇടപെടണമന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ സ്ത്രീകളെ അവഗണിക്കുന്ന രീതി വെറുപ്പുളവാക്കുന്നതാണെന്നും അത് നമ്മള്‍ മറികടക്കേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി ജൂണ്‍ മാലിയയും വ്യക്തമാക്കിയിരുന്നു. അതേസമയം, അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി മറ്റൊരു ദിവസം തള്ളുകയും ചെയ്തിരുന്നു. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി.ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.












Click it and Unblock the Notifications