ഭരണഘടനാ ബെഞ്ചിൽ നിന്നും ജസ്റ്റിസ് യുയു ലളിത് പിന്മാറി; അയോധ്യകേസ് ജനുവരി 29ന് പരിഗണിക്കും
Recommended Video

ദില്ലി: അയോധ്യ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 29ലേക്ക് മാറ്റി. കേസ് വാദം കേൾക്കുന്ന ഭരണഘടനാ ബെഞ്ചിൽ നിന്നും ജസ്റ്റില് യുയു ലളിത് പിന്മാറി. വഖഫ് ബോർഡിന്റെ എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം. അഭിഭാഷകനായിരിക്കെ യുയു ലളിത് അയോധ്യ കേസിൽ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് യുയു ലളിതിന്റെ പിന്മാറ്റം.
ജനുവരി 29ന് കേസ് പരിഗണിക്കുമ്പോൾ പുതിയ ഭരണഘടനാ ബെഞ്ചാകും കേസ് പരിഗണിക്കുക. ബുധനാഴ്ച കേസിൽ വാദം കേൾക്കില്ലെന്നും അന്തിമ വാദത്തിനുള്ള തീയതികൾ നിശ്ചയിക്കുക മാത്രമെ ചെയ്യുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ജനുവരി 29ന് മുമ്പ് എല്ലാ രേഖകളും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. വലിയ സുരക്ഷാ സംവിധാനങ്ങൾക്കിടയിലാണ് കേസ് പരിഗണിച്ചത്.

കേസ് നീട്ടി വച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യകേസിൽ അന്തിമ തീരുമാനം ഉണ്ടാകാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്. സുപ്രീം കോടതി വിധിക്ക് കാത്തുനിൽക്കാതെ ഓർഡിനൻസ് ഇറക്കി രാമക്ഷേത്ര നിർമാണം ആരംഭിക്കണമെന്ന മുറവിളികൾ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിലപാടും ഇനി നിർണായകമാകും.
ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്നതാണ് ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്. അയോധ്യയിലെ രണ്ടേക്കർ എഴുപത്തിരണ്ട് സെന്റ് തർക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായുള്ള അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
16ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരി ബാബറിന്റെ നിര്‍ദേശ പ്രകാരം നിര്‍മിക്കപ്പെട്ടതാണ് ബാബറി മസ്ജിദ്. 1992ലാണ് പള്ളി തകര്‍ക്കപ്പെട്ടത്. ഇവിടെ നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. വസ്തു അവകാശ കേസില്‍ അലഹാബാദ് ഹൈക്കോടതി 2010ലാണ് വിധി പ്രസ്താവിക്കുന്നത്.
സുന്നി വഖഫ് ബോർഡിനും, നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി ഭൂമി മൂന്നായി വിഭജിച്ച് നൽകുന്നതായിരുന്നു അലഹബാദ് കോടതി വിധി. ഇതിനെതിരെ ഹിന്ദു-മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി 2011ല്‍ സ്‌റ്റേ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications