സിദ്ദിഖ് കാപ്പന്‍ കേസ് കേരളത്തിലേക്ക് മാറ്റുമോ? സുപ്രീംകോടതി തീരുമാനം നിര്‍ണായകം
കേസിലെ മിക്ക പ്രതികളും സാക്ഷികളും കേരളത്തില്‍ നിന്നുള്ളവരാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. നിലവില്‍ ലഖ്‌നൗവിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസ് കേരളത്തിലേക്ക് മാറ്റുമോ. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം വൈകാതെയുണ്ടാകും. കേസ് കേരളത്തിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ കെഎ റൗഫ് ശരീഫ് ആണ് ഹര്‍ജിക്കാരന്‍.
നിലവില്‍ ലഖ്‌നൗവിലാണ് കേസ്. കേസിലെ മിക്ക പ്രതികളും സാക്ഷികളും കേരളത്തിലാണ് എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഈ മാസം 28ന് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്.
ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വേളയിലാണ് സിദ്ദിഖ് കാപ്പനെ മഥുരയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ സംഘര്‍ഷമുണ്ടാക്കാന്‍ എത്തി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതിന് വേണ്ടി മറ്റു ചിലര്‍ സിദ്ദിഖ് കാപ്പനെ സാമ്പത്തികമായി സഹായിച്ചുവെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഉള്‍പ്പെടെയുള്ളവരും ഈ കേസില്‍ പ്രതികളാണ്. അറസ്റ്റിലായ റൗഫ് ഇപ്പോള്‍ യുപി ജയിലിലാണ്. ഹത്രാസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലും ഇഡി കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. യുഎപിഎ കേസില്‍ സുപ്രീംകോടതിയും ഇഡി കേസില്‍ അലഹാബാദ് ഹൈക്കോടതിയുമാണ് ജാമ്യം അനുവദിച്ചത്.
ഈ മാസം ആദ്യത്തില്‍ ജയില്‍ മോചിതനായ കാപ്പന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസം. ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്ന ജാമ്യ വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഇക്കാലയളവിന് ശേഷം കാപ്പന്‍ കേരളത്തിലെത്തും. കേസ് കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ അനുകൂല നിലപാട് കോടതി സ്വീകരിച്ചാല്‍ സിദ്ദിഖ് കാപ്പന് ആശ്വാസമാകും.












Click it and Unblock the Notifications