'കോള്‍ ഗേള്‍' എന്ന് വിളിക്കുന്നത് ആത്മഹത്യ പ്രേരണയല്ല: ഹൈക്കോടതി വാദം അംഗീകരിച്ച് സുപ്രീംകോടതി
ദില്ലി: സ്ത്രീയെ 'കോള്‍ ഗേള്‍' എന്ന് വിളിക്കുന്നത് ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന കാരണമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ആര്‍ സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ശരിവച്ചു. മുമ്പും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആളുകള്‍ മറ്റുള്ളവരോട് 'പോയി മരിക്കാന്‍' ആവശ്യപ്പെടാറുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇത്തരം പ്രസ്താവനകള്‍ അപമാനകരവും അധിക്ഷേപകരവുമാണെങ്കിലും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതിനോ പ്രേരിപ്പിക്കുന്നതിനോ തുല്യമല്ല. മാത്രമല്ല അങ്ങനെയൊരു പരാമര്‍ശത്തിന്റെ അനന്തരഫലമായാണ് ആത്മഹത്യയെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി ഇക്കാര്യം പറഞ്ഞതെന്ന് വ്യക്തമാക്കാനാകില്ലെന്നും പരമോന്നത കോടതി പറഞ്ഞു. ഇരയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ ഇപ്പോഴത്തെ കേസിലെ പ്രതികള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് വിവരങ്ങള്‍ വ്യക്തമാക്കുന്നു. പ്രതികളുടെ നടപടികള്‍ കാരണമല്ല ആത്മഹത്യയെന്നും അതിനാല്‍ വെറുതെ വിടാനുള്ള കൊല്‍ക്കത്ത ഹൈക്കോടതിയുടെ തീരുമാനം ശരിവെക്കുന്നതായും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

2004 മാര്‍ച്ചില്‍ ആരംഭിച്ചതാണ് കേസ്. ചിത്രകാരിയായ വനിത തന്റെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ചു. ഇതിനായി അവളുടെ മാതാപിതാക്കള്‍ അവളെ പഠിപ്പിക്കാന്‍ ഒരാളെ നിയമിക്കുകയും ചെയ്തു. പിന്നീട് ഇരുവരും പ്രണയത്തിലായതായും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 5 ന് യുവതി യുവാവിന്റെ വീട്ടിലേക്ക് പോയപ്പോള്‍ അയാളുടെ മാതാപിതാക്കള്‍ ആക്രോശിക്കുകയും അവളെ 'കോള്‍ ഗേള്‍' എന്ന് വിളിക്കുകയും ചെയ്തു.
''എന്തിനാണ് എന്റെ മകന്‍ നിന്നെ വിവാഹം കഴിക്കുന്നതെന്നും അവനെ മറ്റൊരു വിവാഹം കഴിപ്പിക്കുമെന്നും പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തി അടുത്ത ദിവസം തന്നെ യുവതി ആത്മഹത്യ ചെയ്തു. യുവതി എഴുതിയ രണ്ട് ആത്മഹത്യ കുറിപ്പുകളില്‍ ഒന്നില്‍ ചെയ്ത രണ്ട് കത്തുകളിലൊന്നില്‍ യുവാവിന്റെ മാതാപിതാക്കളെ കുറ്റപ്പെടുന്നു. രണ്ടാമത്തെ കത്തില്‍, മാതാപിതാക്കള്‍ മോശമായി സംസാരിക്കുമ്പോള്‍ തന്റെ കൂടെ നില്‍ക്കാത്ത യുവാവിനെയും കുറ്റപ്പെടുത്തുന്നു. തുടര്‍ന്ന് യുവതിയുടെ പിതാവ് ആണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു. വിചാരണക്കോടതി അവരെ വിളിച്ചുവരുത്തിയെങ്കിലും കൊല്‍ക്കത്ത ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതേ തീരുമാനമാണ് സുപ്രീംകോടതി ശരിവെച്ചത്.
ജോലി സമ്മര്‍ദ്ദം മൂലം ഒരു ജീവനക്കാരന്‍ ആത്മഹത്യ ചെയ്താല്‍ ഒരിക്കലും തൊഴിലുടമ ഉത്തരവാദിയാകില്ലെന്ന് 2018ലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കിഷോര്‍ പരാശര്‍ എന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications