മാനനഷ്ടക്കേസ്: തനിക്കുണ്ടായത് വലിയ നഷ്ടമെന്ന് രാഹുൽ ഗാന്ധി, കേസിൽ കോടതി വിധി ഏപ്രിൽ 20ന്
സൂറത്ത്: മാനനഷ്ടക്കേസില്‍ വിചാരണക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ഏപ്രില്‍ 20ന് വിധി പറയും. മോദി സര്‍നെയിം പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ കേസില്‍ കോടതി രണ്ട് വര്‍ഷം തടവും പിഴയുമാണ് വിധിച്ചിരുന്നു.
കോടതി ശിക്ഷിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. കോടതി വിധി സ്‌റ്റേ ചെയ്യപ്പെടേണ്ടത് അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്ക് നിര്‍ണായകമാണ്. ഇരുഭാഗത്തിന്റെയും വാദങ്ങല്‍ കേട്ട ശേഷം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍പി മൊഗേര വ്യാഴാഴ്ച വിധി പറയുമെന്ന് വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകനായ അഡ്വക്കേറ്റ് ആര്‍ എസ് ചീമയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പരിഹരിക്കാന്‍ സാധിക്കാത്ത നഷ്ടമാണ് രാഹുല്‍ ഗാന്ധിക്കുണ്ടായത് എന്ന് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വയനാട് മണ്ഡലത്തില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടതിന് പിന്നാലെ അയോഗ്യനാക്കപ്പെട്ടിരിക്കുകയാണ്. ഇത് വലിയ നഷ്ടമാണ്, അഭിഭാഷകന്‍ വ്യക്തമാക്കി.
ലോക്‌സഭാ കാലാവധി പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തന്റെ പ്രസംഗം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റിയാണ് അപകീര്‍ത്തികരമെന്ന് ആരോപിക്കുന്നത്. പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നതിന്റെ പേരില്‍ മാത്രമാണ് ഈ കേസുണ്ടായിരിക്കുന്നത്. കേസിന്റെ വിചാരണയില്‍ തന്നോട് നീതി പുലര്‍ത്തിയില്ലെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ വാദിച്ചു.
കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ഗുജറാത്തുകാരനായ പൂര്‍ണേഷ് മോദി കേസ് കൊടുത്തതിനേയും രാഹുലിന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. പഞ്ചാബികള്‍ വഴക്കാളികളാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ തനിക്ക് അവര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ സാധിക്കുമോ. ഗുജറാത്തികളെ കുറിച്ചും മറ്റ് ഭാഷാ, മത വിഭാഗങ്ങളെ കുറിച്ചും അത്തരത്തിലുളള പദപ്രയോഗങ്ങള്‍ സാധാരണ നടത്തുന്നതാണ് എന്നും അഡ്വക്കേറ്റ് ചീമ ചൂണ്ടിക്കാട്ടി.
രാവിലെ 11. 51ന് തന്റെ കക്ഷിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി, ഒരു മണിക്കൂറിനുളളില്‍ തന്നെ അദ്ദേഹത്തിന് ശിക്ഷയും വിധിച്ചു. ജഡ്ജ് പറഞ്ഞത് രാഹുല്‍ ഒരു എംപിയാണെന്നും തനിക്ക് സമൂഹത്തിന് ഇത് വഴി ഒരു സന്ദേശം നല്‍കാനുണ്ട് എന്നുമാണ്. സുപ്രീം കോടതി താങ്കള്‍ക്ക് മുന്നറിയിപ്പ് തന്നതാണ്, താങ്കള്‍ ഭയങ്കര വാശിക്കാരനാണ് എന്നും ഒന്നും മനസ്സിലാക്കുന്നില്ലെന്നും ജഡ്ജ് പറഞ്ഞതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വിചാരണക്കോടതി ജഡ്ജി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പരുഷമായാണ് പെരുമാറിയത് എന്നും രാഹുലിന്റെ അഭിഭാഷകന്‍ ആരോപിച്ചു. സുപ്രീം കോടതിയില്‍ മാപ്പ് പറയേണ്ടി വന്ന ചൗക്കീദാര്‍ കള്ളനാണ് പരാമര്‍ശം രാഹുല്‍ നടത്തിയത് 2019 നവംബറിലാണ്. എന്നാല്‍ മോദി സര്‍ നെയിം പ്രസംഗം നടത്തിയതാകട്ടെ 2019 ഏപ്രിലിലാണ്. സുപ്രീം കോടതി നടപടിയാണ് പ്രചോദനമായത് എന്നുളള പരാതിക്കാരന്റെ വാദം എങ്ങനെ കണക്കിലെടുക്കാനാവുമെന്നും അഡ്വക്കേറ്റ് ചീമ ചോദിച്ചു.












Click it and Unblock the Notifications