കേരളത്തിന് ഇരട്ടി തിളക്കം; സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര സഹമന്ത്രിമാർ,സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി: മൂന്നാം എൻ ഡി എ സർക്കാരിൽ സഹ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് തൃശൂർ എംപി സുരേഷ് ഗോപിയും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും. ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് ഇരുവരും സ്ഥാനമേറ്റത്. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ.
തൃശൂരിലെ വിജയത്തിന് പിന്നാലെ തന്നെ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമകള്‍ മുടങ്ങുമോയെന്ന ആശങ്ക കാരണം മന്ത്രിപദം ഏറ്റെടുക്കാനില്ലെന്ന തീരുമാനത്തിലായിരുന്നു സുരേഷ് ഗോപി. ഇതോടെ മന്ത്രിപദവി ഏറ്റെടുക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ ബി ജെ പി കേന്ദ്ര നേതൃത്വം ശക്തമായ സമ്മർദ്ദം ചെലുത്തുകയായിരുന്നു. കേരളത്തിൽ ചരിത്ര വിജയം നേടിയ സുരേഷ് ഗോപി മന്ത്രിയാകണമെന്ന താത്പര്യം മോദിയും അറിയിച്ചു.

തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സുരേഷ് ഗോപിയും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന തീരുമാനം വന്നത്. 'അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു' എന്നായിരുന്നു ഡൽഹിക്ക് പുറപ്പെടും മുൻപ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ജോർജ് കുര്യന്റെ മന്ത്രി പദം അപ്രതീക്ഷിതമായിരുന്നു. ബി ജെ പി സംസ്ഥാന ജനസെക്രട്ടറിയായ ജോർജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയർമാന്‍ കൂടിയാണ്. മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന ജോർജ് ക്രൈസ്തവ വിഭാഗത്തെ ബി ജെ പിയോട് അടുപ്പിക്കാൻ രാജ്യത്തുടനീളം നടത്തിയ പ്രവർത്തനങ്ങളിവൂടെയാണ് നേതൃത്വത്തിന് പ്രിയങ്കരനായി മാറിയത്.

മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് ജോർജ് കുര്യന് മന്ത്രിസ്ഥാനം ലഭിച്ചത്. കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകളിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ ജോർജിന്റെ മന്ത്രിസ്ഥാനത്തിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നുണ്ട്.
കേരളത്തിൽ വളരണമെങ്കിൽ ഹൈന്ദവർക്കൊപ്പം ക്രിസ്ത്യൻ വോട്ടുകൾ കൂടി ലഭിക്കേണ്ടതുണ്ടെന്ന് നേരത്തേ തന്നെ ബി ജെ പി തിരിച്ചറിഞ്ഞതാണ്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നുകയറാൻ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ശക്തമായ പ്രവർത്തനമായിരുന്നു കേരളത്തിൽ ബി ജെ പി കാഴ്ചവെച്ചത്. ഭവനസന്ദർശനം അടക്കം ഇതിന്റെ ഭാഗമായി നടത്തിയിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തൃശൂരിൽ അടക്കം ക്രിസ്ത്യൻ വോട്ടുകൾ ബി ജെ പിയിലേക്ക് ഒഴുകി. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തി സ്വാധീനം വർധിപ്പിക്കാൻ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.

മൂന്നാം മോദി സർക്കാർ അധികാരത്തിൽ
മൂന്നാമതും പ്രധാനമന്ത്രിയായി അധികാരത്തിലേറി നരേന്ദ്ര മോദി. വൈകീട്ട് 7മണിയോടെ രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. വിവിധ രാഷ്ട്രത്തലവന്മാരും എൻ ഡി എ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്ന് തവണ തുടർച്ചയായി പ്രധാനമന്ത്രിയാകുന്ന നേതാവാണ് മോദി.
ജെപി നദ്ദ, രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. ബി ജെ പിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. 30 പേർ കാബിനറ്റ് മന്ത്രിമാരാായി ചുമതലയേൽക്കും. 6 പേർക്ക് സ്വതന്ത്ര ചുമതല ലഭിക്കും. 36 പേർ സഹമന്ത്രിമാരാകും. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സഖ്യകക്ഷി നേതാക്കളുടെ വകുപ്പുകൾ സംബന്ധിച്ച് കൂടുതൽ ചർച്ച ആവശ്യമാണെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications