മരിച്ചെന്ന് കരുതിയ ആള് തിരിച്ചുവന്നു, 18 വര്‍ഷത്തിന് ശേഷം!
മെഹ്ബൂബ് നഗര്‍: രണ്ട് പതിറ്റാണ്ടോളമായി കാണാതിരുന്ന ആള് തിരിച്ചുവന്നു. തെലങ്കാനയിലെ മെഹ്ബൂബ് നഗറിനടുത്താണ് സംഭവം. 18 വര്‍ഷമായി ഒരു വിവരവും ഇല്ലാതിരുന്ന കെ കൃഷ്ണയ്യ എന്ന ഗുണയാണ് അപ്രതീക്ഷിയമായി തിരിച്ചുവന്നത്. ഇയാള്‍ മരിച്ചു എന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടുകാരും ബന്ധുക്കളും മറ്റും.
ബുധനാഴ്ചയാണ് കൃഷ്ണയ്യ അച്ഛന്റെ വീട്ടിലേക്ക് തിരിച്ചെത്തിയത്. കൃഷ്ണയ്യയുടെ മടങ്ങിവരവ് അറിഞ്ഞ് ഒരുപാട് ആളുകള്‍ ഇയാളെ കാണാനെത്തി. മാനസികാസ്വാസ്ഥ്യമുള്ള ഇയാള്‍ ഇരുപത്തിരണ്ടാം വയസ്സിലാണ് വീടു വിട്ട് പോയത്. 1997 ലായിരുന്നു ഈ സംഭവം. ഇതിന് ശേഷം ഇയാള്‍ വീട്ടിലേക്ക് വന്നിട്ടില്ല. ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളും ലഭ്യമായിരുന്നില്ല.
രണ്ടുവര്‍ഷത്തോളം വീട്ടുകാര്‍ കൃഷ്ണയ്യയ്ക്ക് വേണ്ടി തിരച്ചിലും മറ്റും നടത്തി. അപായമെന്തെങ്കിലും സംഭവിച്ചുകാണും എന്ന് കരുതി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ അന്ന് തങ്ങള്‍ പരാതി നല്‍കിയിരുന്നതായി കൃഷ്ണയ്യയുടെ അമ്മ പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷമാണ് തഹസീല്‍ദാര്‍ കൃഷ്ണയ്യയുടെ മരണ സര്‍ട്ടിഫിക്കറ്റ് വീട്ടുകാര്‍ക്ക് കൊടുത്തത്.
ഇത്രയും കാലം ഇയാള്‍ എവിടെയായിരുന്നു എന്ന് ആര്‍ക്കും അറിയില്ല. എങ്ങനെ കഴിഞ്ഞു എന്നോ ആരാണ് കൃഷ്ണയ്യയെ സഹായിച്ചത് എന്നോ ഒക്കെയുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ശ്രദ്ധ പുനരധിവാസ കേന്ദ്രത്തിന്റെ ആളുകളാണ് കൃഷ്ണയ്യയെ കണ്ടെത്തി വീട്ടിലാക്കിയത്. മഹാരാഷ്ട്രയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ വെച്ചാണത്രെ ഇവര്‍ കൃഷ്ണയ്യയെ കണ്ടത്.