ലാലുവിനെ കുരുക്കാൻ എൻഡിഎ: ബിജെപി എംഎൽഎയോട് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടെന്ന്
പട്ന: ബിഹാറിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് എൻഡിഎ സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ച ആരോപണത്തിന് പിന്നാലെ തെളിവ് പുറത്തുവിട്ട് ബിഹാർ ഉപമുഖ്യമന്ത്രി. ബുധനാഴ്ച നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ബിഹാറിൽ പുതിയ വിവാദങ്ങൾ ഉടലെടുക്കുന്നത്. കാലിത്തീറ്റ കുംഭകോണത്തിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്ന ലാലു പ്രസാദ് യാദവിന്റേതെന്ന പേരിലുള്ള ശബ്ദരേഖ പുറത്തുവന്നതാണ് വിവാദം രൂക്ഷമാക്കുന്നത്.
കൊവിഡ്; അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഇനിയും വൈകും..വിലക്ക് ഡിസംബർ 31 വരെ നീട്ടി

ശബ്ദരേഖ വിവാദം
ബുധനാഴ്ച നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി എംഎൽഎ ലാലൻ പസ്വാനോട് സ്പീക്കർ തിരഞ്ഞെടുപ്പിൽ പങ്കെടുക്കരുതെന്ന് ലാലു പ്രസാദ് യാദവ് ഫോണിൽ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി പുറത്തുവിട്ടിട്ടുള്ളത്. തനിക്ക് ചൊവ്വാഴ്ച ലാലു പ്രസാദ് യാദവിൽ നിന്ന് ഫോൺ കോൾ ലഭിച്ചതായി പസ്വാനും വ്യക്തമാക്കി. സംഭവത്തിൽ ലാലു പ്രസാദ് യാദവിന്റെ ശബ്ദരേഖയിൽ അന്വേഷണം വേണമെന്ന് ബിജെപിയും ജെഡിയുവും ആവശ്യപ്പെട്ടിട്ടുണ്ട്.

എൻഡിഎയ്ക്ക്
ബുധനാഴ്ച നടന്ന നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ 126 വോട്ടുകൾ നേടിയ ബിജെപി നേതാവ് വിജയ് കുമാർ സിൻഹയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പസ്വാന്റേതും സ്വതന്ത്ര എംഎൽഎ സുമിത് കുമാറിന്റേതും ഉൾപ്പെടെയുള്ള വോട്ടുകളാണ് വിജയ് കുമാറിന് ലഭിച്ചിട്ടുള്ളത്. മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി അവാധ് ബിഹാരി ചൌധരിയ്ക്ക് 114 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒരു എഐഎംഐഎം എംഎൽഎ ഉൾപ്പെടെ മൂന്ന് പേർ സ്പീക്കർ പങ്കെടുപ്പിൽ സഭയിലെത്തിയിരുന്നില്ല.

വാഗ്ധാനം മന്ത്രി സ്ഥാനം
സുശീൽ മോദി പുറത്തുവിട്ട ശബ്ദരേഖയിൽ ലാലു പ്രസാദ് എന്ന് പറയപ്പെടുന്നയാൾ കൊവിഡ് വ്യാപനം കാരണമായി പറഞ്ഞ് സ്പീക്കർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് ആവശ്യപ്പെടുന്നത്. ഇപ്രകാരം ചെയ്താൽ മഹാസഖ്യത്തിന് സ്പീക്കർ സ്ഥാനം ലഭിക്കുമെന്ന് അങ്ങനെ സംഭവിച്ചാൽ പസ്വാന് മന്ത്രി സ്ഥാനം ലഭിക്കുമെന്നും എൻഡിഎ സർക്കാരിനെ അട്ടിമറിയ്ക്കാൻ കഴിയുമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. എന്നാൽ എംഎൽഎ പസ്വാൻ ഈ നിർബന്ധത്തിന് വഴങ്ങിയിരുന്നില്ല. കാലിത്തീറ്റ കുംഭകോണക്കേസിൽ അറസ്റ്റിലായ ലാലു പ്രസാദ് നിലവിൽ തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്. ബിർസ മുണ്ട ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിട്ടുള്ളത്.

പരിശോധിച്ച് നടപടി
ലാലു പ്രസാദിന്റെ ഒരു സഹായി വഴിയാണ് തനിക്ക് ഫോൺ കോൾ ലഭിച്ചതെന്നാണ് പസ്വാൻ പറയുന്നത്. എന്നാൽ എന്റെ പാർട്ടിയുടെ ചട്ടങ്ങൾക്ക് അനുസൃതമായേ ഞാൻ പ്രവർത്തിക്കൂ എന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ശബ്ദരേഖ ആരോപണം പുറത്തുവന്നതോടെ ജയിൽ മാന്വലിന്റെ ലംഘനം പരിശോധിക്കാൻ റാഞ്ചി ജില്ലാ ഭരണകൂടത്തോട് ജാർഖണ്ഡ് ജയിൽ ഐജി വ്യക്തമാക്കി. പസ്വാന്റെ പഴ്സണൽ അസിസ്റ്റന്റിനോട് സംസാരിച്ച വ്യക്തി രണ്ട് നേതാക്കളുമായി ബന്ധം പുലർത്തി വരികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ഞങ്ങളെ സഹായിച്ചാൽ ഞങ്ങൾ നിങ്ങളെ മന്ത്രിയാക്കാം. ഞങ്ങളുടെ അവരുടെ സർക്കാരിനെ അട്ടിമറിക്കും. മനസ്സിലായോ? ഇതായിരുന്നു ശബ്ദരേഖയിലെ ഉള്ളടക്കം.

സത്യാവസ്ഥയെന്ത്
സ്പീക്കർ തിരഞ്ഞെടുപ്പിനിടെ ഒരു സഭയിലും അംഗമല്ലാത്ത മന്ത്രിമാരായ അശോക് കുമാർ ചൌരധരി, മുകേഷ് സാഹ്നി എന്നിവരുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് ആർജെഡി വക്താവ് മൃത്യുജ്ഞയ് തിവാരിയുടെ പ്രതികരണം ഇങ്ങനെ. ഞങ്ങളുടെ നേതാവ് ലാലു പ്രസാദ് യാദവിനെ മുഴുവൻ എൻഡിഎയ്ക്കും ഭയമാണ്. പുറത്തുവന്ന ശബ്ദരേഖയുടെ ആധികാരികതയിൽ ബോധ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാസഖ്യത്തിന്റെ രാഷ്ട്രീയത്തിന്റെ തെളിവാണ് ഇതെന്നാണ് ജെഡിയു നേതാവ് സഞ്ജയ്ജാ പ്രതികരിച്ചത്.