സുഷമാ സ്വരാജിന്റെ ഇടപെടല്‍; ജര്‍മനിയില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവതിയെ നാട്ടിലെത്തിച്ചു
ദില്ലി: ഭര്‍തൃവീട്ടുകാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ച ഇന്ത്യന്‍ യുവതിയെയും മകളെയും ഇന്ത്യയിലെത്തിച്ചു. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിനിയായ ഗുര്‍പ്രീതും മകളുമാണ് ഇന്ത്യയില്‍ സുരക്ഷിതമായി എത്തിയത്. ഗുര്‍പ്രീതിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുഷമാ സ്വരാജ് അടിയന്തിരമായി ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിച്ചത്.
ഫിബ്രുവരി 2ന് ഗുര്‍പ്രീതിന്റെ ട്വീറ്റിന് പിന്നാലെ ഫോണ്‍ നമ്പര്‍ ചോദിച്ച് സുഷമാ സ്വരാജ് ബന്ധപ്പെടുകയായിരുന്നു. താന്‍ ജര്‍മനിയില്‍ തടവിലാണെന്നും രക്ഷിക്കണമെന്നും കാട്ടി വീഡിയോ സഹിതമാണ് ഗുര്‍പ്രീത് ട്വീറ്റ് ചെയ്തത്. ഗുര്‍പ്രീതിന്റെ മാതാപിതാക്കളാണ് വീഡിയോ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

സുഷമാ സ്വരാജ് ഉടന്‍ ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡറുമായി ബന്ധപ്പെടുകയായിരുന്നു. ഇരുവരെയും കണ്ടെത്തി ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തോട് ജര്‍മന്‍ അധികൃതരും അനുകൂലമായി പ്രതികരിച്ചതോടെ ഗുര്‍പ്രീതിനെ കണ്ടെത്തി നാട്ടിലേക്കെത്തിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് തടങ്കലില്‍ പാര്‍പ്പിച്ചതാണെന്ന് ഗുര്‍പ്രീത് പിന്നീട് പറഞ്ഞു. ഗുര്‍പ്രീതിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുവതിയും മകളും രണ്ടുദിവസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ സുഷമാ സ്വരാജിന് അഭിന്ദന പ്രവാഹമാണ്.












Click it and Unblock the Notifications