വീണ്ടും ദാദ്രിയോ? പശുവിന്റെ പേരില്‍ ഹിമാചലില്‍ യുവാവിനെ തല്ലിക്കൊന്നു
ലഖ്‌നൗ: പശുവിന്റെ പേരില്‍ ഹിമാചല്‍ പ്രദേശില്‍ ഒരാളെ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിറകിലെന്ന് സംശയിക്കുന്നു.
പശുവിനെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന മുസ്ലീം യുവാവിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹിമാചല്‍ പ്രദേശ് പോലീസ് ആണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

ഉത്തര്‍ പ്രദേശ് സ്വദേശിയായ നോമന്‍ എന്ന ആളാണ് കൊല്ലപ്പെട്ടത്. ഷിംലയ്ക്കടുത്തുള്ള സരഹന്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. നോമന്റെ ബന്ധു ഇമ്രാന്‍ അസ്ഗറും ട്രക്കില്‍ കൂടെ ഉണ്ടായിരുന്നു. ഇയാള്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞതും ഇയാളാണ്.
ട്രക്കിലാണ് ഇവര്‍ പശുക്കളെ കടത്താന്‍ ശ്രമിച്ചത്. ഇത് ഹിമാചല്‍ പ്രദേശില്‍ കുറ്റകരമാണ്. ട്രക്കിലുണ്ടയിരുന്ന നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് ഗോവധ നിരോധന നിയമം, മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ടല്ലോ... അപ്പോള്‍ പിന്നെ കൊലപാതകത്തിനും കേസ് എടുക്കേണ്ടേ. ഹിമാചല്‍ പോലീസ് അതിനും കേസ് എടുത്തിട്ടുണ്ട്. കൊലയ്ക്ക് പിന്നില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications