പ്രഷർ കുക്കറിന്റെ വിസിൽ വിഴുങ്ങിയ ഒന്നര വയസുകാരൻ ശ്വാസം മുട്ടി മരിച്ചു
കർണാടക: പ്രഷർ കുക്കറിന്റെ വിസിൽ വിഴുങ്ങിയ ഒന്നരവയസുകാരൻ ശ്വാസം മുട്ടി മരിച്ചു. കർണാടക മാണ്ഡ്യയിലെ നഗരകരെ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് ഒന്നരവയസുകാരനായ ഭുവന് വിസിൽ തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം സംഭവിച്ചത്.
കുഞ്ഞിന് ചോറ് എടുക്കുന്നതിനായി ഭുവന്റെ അമ്മൂമ്മ കുക്കറിന്റെ അടപ്പ് ഊരി മാറ്റിവെച്ചു. അമ്മൂമ്മ കറികൾ എടുക്കുന്നതിനിടയിൽ നിലത്ത് ഇഴഞ്ഞുനടക്കുകയായിരുന്ന കുട്ടിയുടെ കയ്യിൽ വിസിൽ തടഞ്ഞു. കൗതുകം തോന്നിയ കുട്ടി വിസിൽ വായിൽ ഇടുകയായിരുന്നു. കുഞ്ഞ് വിസിൽ വിഴുങ്ങുന്നത് കണ്ട അമ്മൂമ്മ പെട്ടെന്ന് വായിൽ കൈയ്യിട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിസിൽ ഉള്ളിലേക്ക് പോയിരുന്നു.

കുട്ടിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വിസിൽ എടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ശ്വാസം കിട്ടാതെ കുട്ടി പിടയുന്നുമുണ്ടായിരുന്നു. ഉടൻ തന്നെ കൂടുതൽ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശം നൽകി. തുടർന്ന് മൈസൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസംമുട്ടി കുട്ടി മരിക്കുകയായിരുന്നു.
കർണാടക സർവേ വകുപ്പിലെ ഉദ്യോഗസ്ഥരായ മാരിലിംഗ ഗൗഡയുടെയും രൂപയുടെയും മകനാണ് ഭുവൻ. കുട്ടിയെ മാരിലിംഗയുടെ മാതാപിതാക്കളെ ഏൽപ്പിച്ചാണ് ഇരുവരും ജോലിക്ക് പോയിരുന്നത്.












Click it and Unblock the Notifications