സെക്‌സും മസാലയുമില്ല ദിവസേന യോഗ, ഈ ഇന്ത്യക്കാരന് പ്രായം 120
കൊല്‍ക്കത്ത: വാരാണസിക്കാരനായ സ്വാമി ശിവാനന്ദയ്ക്ക് പ്രായം 120. ഇപ്പോഴും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. ദിവസവും മണിക്കൂറുകള്‍ യോഗ ചെയ്യുന്നു, നടക്കുന്നു, സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുന്നു, രാജ്യത്തെ പലഭാഗത്തും സഞ്ചരിക്കുന്നു. കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെത്തിയ സ്വാമി തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി.
ഭക്ഷണമെന്നാല്‍ പേരുനുമാത്രമാണെന്ന് സ്വാമി പറയുന്നു. ശരീരത്തിന് ആവശ്യമായത് മാത്രം കഴിക്കുന്നു. ചൂടാക്കിയ ഭക്ഷണം മാത്രം കഴിക്കും. മസാലയോ എണ്ണയോ ഉപയോഗിക്കാറില്ല. ചോറും പരിപ്പുകറിയും ഒപ്പം രണ്ട് പച്ചമുളകുമാണ് മെനു. പഴങ്ങളോ പാലോ കഴിക്കാറില്ല. ഇവ ഫാന്‍സി ഭക്ഷണങ്ങളാണെന്നാണ് സ്വാമിയുടെ വാദം.

ദിവസേന മണിക്കൂറുകള്‍ നീണ്ട യോഗ ചെയ്യുന്നു. അഞ്ചടി രണ്ടിഞ്ചുകാരനായ സ്വാമിയുടെ ഉറക്കം നിലത്തുവിരിച്ച പായയിലാണ്. തലയിണയായി മരക്കഷ്ണവും ഉപയോഗിക്കുന്നു. ജീവിതത്തില്‍നിന്നും സെക്‌സ് ഒഴിവാക്കിയെന്നും സ്വാമി പറയുന്നു. ആറാം വയസുമുതല്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട സ്വാമി വാരാണസിയിലെ ഒരു യോഗിയുടെ കൂടിയായിരുന്നു താമസം. ഇതാണ് ജീവിതചര്യ അടുക്കും ചിട്ടയമുള്ളതാക്കിയത്.
സ്വാമിയുടെ പാസ്‌പോര്‍ട്ട് പ്രകാരം 1896 ഓഗസ്ത് 8നാണ് ജനിച്ചത്. ഒരു ക്ഷേത്രത്തിലെ രജിസ്റ്റര്‍ പ്രകാരമാണ് വയസ് തീരുമാനിച്ചതെന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇദ്ദേഹമെന്നും അവകാശവാദമുണ്ട്. ഇതിനായി ഗിന്നസ് അധികൃതരെ സമീപിക്കാനാണ് തീരുമാനം.
പണ്ടുകാലത്ത് ജനങ്ങള്‍ ചെറിയകാര്യത്തിലും സന്തോഷവാന്മാരായിരുന്നെന്ന് സ്വാമി പറയുന്നു. ഇപ്പോള്‍ വൈദ്യുതിയും, ഫോണും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായി. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ അസന്തുഷ്ടരും ആരോഗ്യമില്ലാത്തവരുമാണ്. ഇത് തന്നെ വളരെയധികം വേദനിപ്പിക്കുന്നെന്നും സ്വാമി പറഞ്ഞു.












Click it and Unblock the Notifications