ഇന്‍ഫോസിസ് ടെക്കി സ്വാതിയുടെ കൊലപാതകി അറസ്റ്റില്‍, പ്രതി കത്തിയെടുത്ത് സ്വന്തം കഴുത്ത് മുറിച്ചു!
ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന രാംകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് രാംകുമാറിനെ തിരുനെല്‍വേലി ജില്ലയിലെ ചെങ്കോട്ടയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയ്ക്ക് സമീപമുള്ള പന്‍പൊഴി സ്വദേശിയാണ് ഇയാള്‍. സ്വാതി കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘമാണ് 24 കാരനായ രാംകുമാറിനെ പിടികൂടിയത്.
പോലീസ് തന്നെ വളഞ്ഞു എന്ന് മനസിലാക്കിയ രാംകുമാര്‍ ആത്മഹത്യാ ശ്രമവും നടത്തി. കത്തിയെടുത്ത് ഇയാള്‍ കഴുത്ത് മുറിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള രാംകുമാര്‍ ഇപ്പോള്‍ നെല്ലായ് പാളയംകോട്ടയിലെ ഹൈഗ്രൗണ്ട് ആശുപത്രിയിലെ ഐ സി യുവിലാണ്. സ്വാതിയെ കൊലപ്പെടുത്തിയത് താനാണ് എന്ന് രാംകുമാര്‍ സമ്മതിച്ചു എന്നാണ് പോലീസ് പറയുന്നത്.

ഇയാള്‍ കഴിഞ്ഞ മൂന്ന് മാസമായി സ്വാതിയുടെ ചൂളമേടിനടുത്തുള്ള വീടിനടുത്ത് താമസിച്ചുവരികയായിരുന്നു. നുങ്കംപാക്കം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സ്വാതി ക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ കൊലപാതകം നടന്നത്. സ്വാതി ഓഫീസിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെയായിരുന്നു കൊലപാതകം.
ഒരു ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുമായി വാഗ്വാദം നടത്തുകയും ബാഗില്‍ നിന്നും കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. റെയില്‍വേ സ്റ്റേഷനു പുറത്ത് ചുമലില്‍ ബാഗ്തൂക്കി ധൃതിയില്‍ ഒരു യുവാവിന്റെ ദൃശ്യം പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ടിരുന്നു. സ്വാതിയുടെ കൊലപാതകം നേരില്‍ക്കണ്ട ഒരു വൃദ്ധന്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞ് വീണ് മരിച്ചു.












Click it and Unblock the Notifications