മേഘാലയയിലും നാഗാലാന്റിലും ഇന്ന് സത്യപ്രതിജ്ഞ; പ്രധാനമന്ത്രി പങ്കെടുക്കും
തിരഞ്ഞെടുപ്പിൽ 26 സീറ്റുകളായിരുന്നു എൻ പി പിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളായിരുന്നു വേണ്ടത്

ദില്ലി: മേഘാലയാ മുഖ്യമന്ത്രിയായി എൻ പി പി നേതാവ് കൊൻറാഡ് സാംഗ്മയും നാഗാലാൻഡ് മുഖ്യമന്ത്രിയായി എൻ ഡി പി പി നേതാവ് നെഫ്യൂ റിയോയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കും.
മേഘാലയയിൽ രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 12 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും.ക്യാബിനറ്റ് അംഗങ്ങളിൽ 8 പേർ എൻ പി പി യിൽ നിന്നും, രണ്ടുപേർ യുഡിപിയിൽ നിന്നുമായിരിക്കും. മറ്റ് പാർട്ടികൾക്കും പ്രാതിനിധ്യം ലഭിക്കും.
നിയമസഭ തിരഞ്ഞെടുപ്പിൽ എൻ പി പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് ബി ജെ പിയുടേയും പ്രാദേശിക കക്ഷികളുടേയും പിന്തുണയോടെ കോങ്റാഡ് സാങ്മ അധികാരത്തിൽ ഏറുന്നത്. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് മതിയായ പിന്തുണ ഉറപ്പാക്കി സാങ്മ സത്യപ്രതിജ്ഞ ചടങ്ങുകൾ പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പിൽ 26 സീറ്റുകളായിരുന്നു എൻ പി പിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളായിരുന്നു വേണ്ടത്. ഇതോടെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സഖ്യം പിരിഞ്ഞ ബി ജെ പി എൻ പി പിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പ്രാദേശിക കക്ഷികളായ യു ഡി പിയും എച്ച് എസ് പി ഡി പിയും എൻ പി പിക്കൊപ്പം നിന്നു. എന്നാൽ ഇതിനിടയിൽ തൃണമൂലിന്റെ നേതൃത്വത്തിൽ യു ഡി പിയേയും എച്ച് എസ് പി ഡി പിയേയും മറുകണ്ടം ചാടിക്കാനുള്ള നീക്കം നടക്കുകയായിരുന്നു. ഇതോടെ രണ്ട് എം എൽ എമാരുടെ എച്ച് എസ് പി ഡി പി സാങ്മയ്ക്കുള്ള പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ എച്ച് എസ് പി ഡി പിയും സാങ്മയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു.
അതേസമയം നാഗാലാന്റിൽ 60 ൽ 37 സീറ്റാണ് എൻ ഡി പി പി നേടിയത്. ബി ജെ പി അടക്കം പ്രതിപക്ഷ കക്ഷികൾ എവല്ലാവും എൻ ഡി പിക്ക് പിന്തുണ അർപ്പിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഉണ്ടാകില്ല.












Click it and Unblock the Notifications