ജനങ്ങൾക്ക് വമ്പൻ പ്രഹരം; സ്വിഗ്ഗി, സൊമാറ്റോ ഓർഡറുകളുടെ വില കുത്തനെ കൂട്ടും, കാരണം ഇതാണ്!
ഓൺലൈൻ വഴി ആഹാരവും മറ്റ് നിത്യോപയോഗ സാധനങ്ങളും ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളിലും, ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട് മുതലായ ക്വക്ക് കൊമേഴ്സ് ആപ്പുകളിലും ഓർഡറുകളുടെ വില ഉടൻ വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് രാജ്യത്ത് ഇന്ധനവില കുത്തനെ ഉയർന്നതാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് വഴിവെക്കുന്നത്. ഇന്ധനവില വർദ്ധനവ് മൂലമുണ്ടാകുന്ന അധിക ചിലവുകൾ കമ്പനികൾ പ്ലാറ്റ്‌ഫോം ഫീസായും ഡെലിവറി ചാർജ്ജായും ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ ഒരുങ്ങുന്നതായി പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ എലാര കാപ്പിറ്റൽ തങ്ങളുടെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡെലിവറി ചിലവുകളുടെ കണക്കുകൾ ഇങ്ങനെ
എലാര കാപ്പിറ്റലിന്റെ കണക്കുകൾ പ്രകാരം വിപണിയിൽ നിലവിൽ ഒരു ഓർഡറിന്റെ ശരാശരി ഡെലിവറി ചിലവ് താഴെ പറയുന്ന രീതിയിലാണ് ഉയർന്നിരിക്കുന്നത്.
ക്വിക്ക് കൊമേഴ്‌സ് (ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട് മുതലായവ): ഒരു ഓർഡറിന് 35 രൂപ മുതൽ 50 രൂപ വരെ
ഭക്ഷണ വിതരണം: ഒരു ഓർഡറിന് 55 രൂപ മുതൽ 60 രൂപ വരെ

ഒരു ഡെലിവറി ചിലവിന്റെ ഏകദേശം 20 ശതമാനത്തോളം വരുന്നത് ഇന്ധനത്തിന് വേണ്ടിയുള്ള തുകയാണ്. അതായത് ഒരു ഓർഡറിന് മേൽ ഏകദേശം 9 രൂപ മുതൽ 10 രൂപ വരെ ഇന്ധന ചിലവായി വരുന്നുണ്ട്. നിലവിൽ ഇന്ധനവിലയിൽ വന്നിട്ടുള്ള 4 ശതമാനത്തിന്റെ വർദ്ധനവ് ഓരോ ഓർഡറിലും 44 പൈസയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. വരും മാസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 10 രൂപയുടെ വരെ വർദ്ധനവ് ഉണ്ടായാൽ ഈ ഇന്ധന ബാധ്യത ഓരോ ഓർഡറിനും 1.20 രൂപയായി ഉയരും.
ഈ അധിക ചിലവ് പൂർണ്ണമായും കമ്പനികൾക്ക് ഒറ്റയ്ക്ക് താങ്ങാൻ കഴിയില്ല. അതിനാൽ ഇതിന്റെ ഒരു ഭാഗം ഡെലിവറി പാർട്ണർമാരുടെ വരുമാനത്തിൽ കുറവ് വരുത്തിയും, ബാക്കി ഭാഗം ഉപഭോക്താക്കളിൽ നിന്ന് ഡെലിവറി ഫീസ്, ഹാൻഡ്‌ലിങ് ചാർജ്ജ് എന്നിവ വഴി ഈടാക്കിയും പരിഹരിക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്. ഇത് ഓർഡറുകളുടെ വിലയിൽ കാര്യമായ വർധനവ് ഉണ്ടാക്കും.
സൊമാറ്റോയ്ക്ക് മേൽക്കൈ; സ്വിഗ്ഗിക്ക് കനത്ത പണി
ഇന്ധനവില കൂടിയാലും സ്വിഗ്ഗിയേക്കാൾ സുരക്ഷിതമായ അവസ്ഥയിൽ സൊമാറ്റോ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. സൊമാറ്റോയുടെ ഉപഭോക്താക്കൾ വലിയ തുകയുടെ ഓർഡറുകൾ നൽകുന്നവരും ചെറിയ വിലവ്യത്യാസങ്ങൾ കാര്യമാക്കാത്തവരുമാണ്. കൂടാതെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനവും സൊമാറ്റോയ്ക്ക് വലിയൊരു സുരക്ഷാ കവചം ഒരുക്കുന്നുണ്ട്.
എന്നാൽ സ്വിഗ്ഗിയുടെ അവസ്ഥ ഇതല്ല. ക്വിക്ക് കൊമേഴ്‌സ് വിപണിയിൽ ലാഭത്തിലേക്ക് എത്തിച്ചേരാൻ കഠിനശ്രമം നടത്തുന്ന സ്വിഗ്ഗിക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകും. സ്വിഗ്ഗിയുടെ ഉപഭോക്താക്കൾ വിലവ്യത്യാസങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നവരായതുകൊണ്ട് തന്നെ പ്ലാറ്റ്‌ഫോം ഫീസ് കൂട്ടിയാൽ അത് ഓർഡറുകളുടെ എണ്ണത്തെ ബാധിച്ചേക്കാം.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് (EV) മാറ്റം വേഗത്തിലാകും
പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളും (EV) സൈക്കിളുകളും ഉപയോഗിക്കുന്നത് കമ്പനികൾ വേഗത്തിലാക്കും. ക്വിക്ക് കൊമേഴ്സ് മേഖലയിൽ 30 മുതൽ 40 ശതമാനം വരെയും, ഫുഡ് ഡെലിവറിയിൽ 20 ശതമാനത്തോളം ഓർഡറുകളും ഇവിയിലേക്ക് മാറ്റാനാണ് കമ്പനികളുടെ ശ്രമം. എങ്കിലും വലിയൊരു വിഭാഗം ഓർഡറുകളും ഇപ്പോഴും പെട്രോൾ വാഹനങ്ങളെ ആശ്രയിച്ചു തന്നെയായതിനാൽ ഓൺലൈൻ ആഹാര പ്രേമികളുടെ പോക്കറ്റ് ചോരുമെന്ന കാര്യം ഉറപ്പാണ്.












Click it and Unblock the Notifications