തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ്; പുതിയ വകുപ്പ് ചുമത്തി, ക്വാറന്റൈന് ശേഷം അറസ്റ്റ്
ദില്ലി: നിസാമുദ്ദീനിലെ മര്‍ക്കസ് പള്ളിയില്‍ യോഗം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ് എടുത്തു. യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് മൗലാന സഅദിനെതിരെ ഈ വകുപ്പ് ചുമത്തിയത്. നേരത്തെ ദില്ലി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം മൗലാന സഅദിനും മറ്റു ആറ് തബ്ലീഗ് നേതാക്കള്‍ക്കുമെതിരെ കേസെടുത്തിരുന്നു.
മാര്‍ച്ച് 21 വരെ നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതില്‍ ചിലര്‍ ഹൈദരാബാദിലും തമിഴ്‌നാട്ടിലും മരിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ വകുപ്പ് ചുമത്താന്‍ പോലീസ് തീരുമാനിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നേരത്തെ എടുത്ത കേസിന് പുറമെ
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് ബുധനാഴ്ചയാണ് മൗലാന സഅദിനെതിരെ ദില്ലി പോലീസ് ചുമത്തിയത്. കേന്ദ്രസര്‍ക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച ശേഷം തബ്ലീഗ് ആസ്ഥാനത്ത് ആളുകള്‍ സംഘടിച്ച സംഭവത്തില്‍ നേരത്തെ എടുത്ത കേസിന് പുറമെയാണിത്.

മാര്‍ച്ച് 31ന്
മാര്‍ച്ച് 31നാണ് മൗലാന സഅദിനെതിരെ ദില്ലി പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസറുടെ പരാതിയിലായിരുന്നു കേസ്. യോഗം സംഘടിപ്പിച്ചത് മാത്രമായിരുന്നു അന്ന് എഫ്‌ഐആറില്‍ സൂചിപ്പിച്ചിരുന്നത്. ഇപ്പോള്‍ പുതിയ വകുപ്പ് ചേര്‍ക്കുകയാണ് ചെയ്തത്.

വിദേശികള്‍ അറസ്റ്റില്‍
യോഗത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ വിസാ ചട്ടം ലംഘിച്ചുവെന്ന കേസെടുത്തിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ പിടിയിലായ ചില വിദേശികളെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. ഇവരുടെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായ ശേഷമാണ് അറസ്റ്റ് ചെയ്തത്. തായ്‌ലാന്റ്, ഇന്തോനേഷ്യ രാജ്യങ്ങളിലുള്ളവരാണ് അറസ്റ്റിലായത്.

ദില്ലിയിലെ വീട്ടില്‍
അതേസമയം, മൗലാന സഅദ് ദില്ലിയിലെ വീട്ടില്‍ ക്വാറന്റൈനിലാണ്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാല്‍ പോലീസുമായി അന്വേഷണത്തിന് സഹകരിക്കുമെന്ന് സഅദിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. മര്‍ക്കസ് പള്ളയില്‍ വന്നവരുടെ പൂര്‍ണ വിവരം ഓഫീസിലുണ്ട. അത് പോലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

എല്ലാ യോഗങ്ങളും റദ്ദാക്കി
നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷന് തൊട്ടടുത്താണ് തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനം. ഇവിടെ നൂറ് കണക്കിന് ആളുകളാണ് ദിവസവും എത്താറ്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച വേളയില്‍ തന്നെ എല്ലാ യോഗങ്ങളും റദ്ദാക്കിയിരുന്നുവെന്ന് ത്ബ്ലീഗ് നേതാക്കള്‍ പറയുന്നു.

തബ്ലീഗ് നേതാക്കള്‍ പറയുന്നത്
ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ എല്ലാ യോഗ പരിപാടികളും റദ്ദാക്കി. എങ്കിലും ചില അംഗങ്ങള്‍ ആസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരുന്നു. ദില്ലിയില്‍ വാഹനങ്ങള്‍ റദ്ദാക്കിയതോടെ യോഗത്തിനെത്തിയവര്‍ തിരിച്ചുപോകാന്‍ സാധിക്കാതെ കുടുങ്ങി. അധികം വൈകാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും ആസ്ഥാനത്ത് തന്നെ തുടരകുയായിരുന്നുവെന്നാണ് തബ്ലീഗ് നേതാക്കള്‍ പറയുന്നത്.

25500 തബ്ലീഗ് പ്രവര്‍ത്തകര്‍
9000 ത്തോളം പേരാണ് മാര്‍ച്ച് പകുതിക്ക് ശേഷം നടന്ന തബ്ലീഗ് യോഗങ്ങളില്‍ സംബന്ധിച്ചത്. ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. പലരും തിരിച്ചുപോയി. ഇവരില്‍ ചിലര്‍ക്ക് രോഗം ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്തതോടെയാണ് യോഗം വിവാദമായത്. നിലവില്‍ 25500 തബ്ലീഗ് പ്രവര്‍ത്തകര്‍ രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.












Click it and Unblock the Notifications