ഗുജറാത്ത് ഗാല, താജ് ടൂര്‍, ദില്ലിയിലെ ചര്‍ച്ചകള്‍: ട്രംപ്- മെലാനിയ ദ്വിദിന ഇന്ത്യാ സന്ദര്‍ശനം ഇങ്ങനെ
ദില്ലി: ഫെബ്രുവരി 24,25 തിയ്യതികളിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നത്. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ 17 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം അഹമ്മദാബാദിലെ വിമാനത്താവളത്തിലെത്തുന്ന ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ഉച്ചയോടെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇരുവരുമെത്തുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തില്‍ നിന്നിറങ്ങിയ ശേഷം ഇരു നേതാക്കളും 22 കിലോമീറ്റര്‍ ദൂരം റോഡ്‌ഷോ നടത്തും.
ഹണിട്രാപ്പ്; 11 നേവി ഉദ്യോഗസ്ഥര്‍ പിടിയില്‍, സൈനിക വിവരങ്ങള്‍ പാക് ചാരസംഘടനക്ക് ചോര്‍ത്തി!
അമേരിക്കന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്യാനായി അഹമ്മദാബാദിലെ തെരുവുകളില്‍ ആളുകള്‍ അണിനിരക്കും. മൊട്ടേര സ്റ്റേഡിയത്തില്‍ സമാപിക്കുന്ന റോഡ്ഷോയ്ക്കിടെ ഗാന്ധിയുടെ ആശ്രമമെന്നറിയപ്പെടുന്ന സബര്‍മതിയില്‍ നേതാക്കള്‍ 15 മിനിറ്റ് ചെലവഴിക്കും. ഒരു ചര്‍ക്ക, മഹാത്മാഗാന്ധിയുടെ ജീവിതത്തെയും ജീവിച്ചിരുന്ന കാലഘട്ടത്തെയും കുറിച്ചുള്ള രണ്ട് പുസ്തകങ്ങള്‍, രാഷ്ട്രപിതാവിന്റെ രേഖാചിത്രം എന്നിവ സബര്‍മതി ആശ്രമം സന്ദര്‍ശന വേളയില്‍ മോദി ട്രംപിന് സമ്മാനിക്കും. ഗാന്ധിജിയും ഭാര്യ കസ്തൂര്‍ബയും താമസിച്ചിരുന്ന ആശ്രമത്തിനുള്ളിലെ കുടിലായ ഹൃദയ് കുഞ്ചിന് സമീപമുള്ള ചര്‍ക്കയില്‍ ട്രംപും മെലാനിയയും നൂല്‍ നെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൈലേജ്?
ഉച്ചയ്ക്ക് 12:30 ഓടെ മൊട്ടേര സ്‌റ്റേഡിയം എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇരുവരുമെത്തും. 1.25 ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയില്‍ പ്രസിഡന്റ് സംസാരിക്കും. ഈ ഇന്ത്യന്‍ സന്ദര്‍ശനത്തോടെ നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുടെ മികച്ച പിന്തുണ ലഭിക്കുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. വിശിഷ്ടാതിഥികള്‍ക്കായി ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഗുജറാത്ത് സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. ദമ്പതികള്‍ക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും പ്രധാനമന്ത്രി മോദി ഉച്ചഭക്ഷണം നല്‍കും. ഉച്ചകഴിഞ്ഞ് 3: 30ന് യുഎസ് പ്രസിഡന്റും പ്രഥമ വനിതയും ആഗ്രയിലേക്ക് പുറപ്പെടും. വൈകുന്നേരം 5 മണിയോടെ താജ്മഹലില്‍ എത്തുന്ന ട്രംപും സംഘവും 30 മുതല്‍ 45 മിനിറ്റ് വരെ പര്യടനം നടത്തിയ ശേഷം ദില്ലിയിലേക്ക് തിരിക്കും.

രാഷ്ട്രപതി ഭവനില്‍ സ്വീകരണം
ഫെബ്രുവരി 25ന് രാവിലെ 10ന് രാഷ്ട്രപതി ഭവനില്‍ അതിഥികള്‍ക്ക് ഔദ്യോഗിക സ്വീകരണവും നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ഭാര്യ സവിത കോവിന്ദ് എന്നിവര്‍ ചേര്‍ന്ന് ദമ്പതികളെ സ്വാഗതം ചെയ്യും. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ട്രംപ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തും. ശേഷം 10: 45ന് ട്രംപും മെലാനിയയും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ രാജ് ഘട്ടിലേക്ക് പോകും. പരിസരത്ത് ചെരുപ്പുകള്‍ അനുവദനീയമല്ലാത്തതിനാല്‍ ട്രംപ് സോക്‌സ് മാത്രമായിരിക്കും ധരിക്കുക.

ദില്ലി സ്കൂള്‍ സന്ദര്‍ശനം..
11: 30ന് അതിഥികള്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി ഹൈദരാബാദ് ഹൗസിലെത്തും. ഇരു നേതാക്കളുടെയും സംയുക്ത പത്രക്കുറിപ്പോടെ ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ച അവസാനിക്കും. അതേസമയം, കുട്ടികളുമായി സംവദിക്കാനും നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് അറിയാനും മെലാനിയ ട്രംപ് ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് പോകും. പ്രഥമവനിതയെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് ആരാണ് ഹാജരാകുകയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

യുഎസ് എംബസിയില്‍
ഉച്ചഭക്ഷണം കഴിഞ്ഞ് 3 മണിയോടെ ട്രംപും സംഘവും സിഇഒമാരുടെ വട്ടമേശ സമ്മേളനത്തിനായി യുഎസ് എംബസിയിലേക്ക് പോകും. രാജ്യത്തെ മികച്ച ബിസിനസുകാരുമായി അവിടെ വെച്ച കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട. ശേഷം രാത്രി എട്ടിന് പ്രസിഡന്റ് കോവിന്ദ് ആതിഥേയത്വം വഹിക്കുന്ന അത്താഴ വിരുന്നിനായി സംഘം രാഷ്ട്രപതി ഭവനിലേക്ക് പോകും. രാത്രി 10 മണിയോടെ വ്യോമസേന വിമാനത്തില്‍ ട്രംപും സംഘവും ദില്ലിയില്‍ നിന്നും ജര്‍മ്മനി വഴി തിരിച്ചു പോകും.