ജെഎന്‍യു; വ്യാജ വീഡിയോ പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരെ കേസ്
ദില്ലി: ജെഎന്‍യുവിലെ ദേശവിരുദ്ധ മുദ്രാവാക്യ സംഭവത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂസ് എക്‌സ്, സീ ന്യൂസ്, ടൈംസ് നൗ എന്നീ ചാനലുകള്‍ക്ക് എതിരെയാണ് കേസ്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായി തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ വധശിക്ഷയ്‌ക്കെതിരായും നിയമസംവിധാനങ്ങളിലെ പിഴകളെ കുറിച്ചും നടത്തിയ ചര്‍ച്ചാ വേദിയില്‍ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ചാനലുകള്‍ പുറത്തു വിട്ട് വീഡിയോയില്‍ കാണിച്ചിരുന്നു. ഇത് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് പിന്നീട് തെളിഞ്ഞു.

ചാനലുകളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവരടക്കം അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. തങ്ങള്‍ക്കെതിരെ നടന്നത് മാധ്യമ വിചാരണയാണെന്ന് ഉമര്‍ ഖാലിദ്. കനയ്യ കുമാര്‍, അനിര്‍ബെന്‍ ഭട്ടചാര്യ എനിനവര്‍ വ്യക്തമാക്കിയിരുന്നു.
ഉമര്‍ഖാലിദ് ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും നിരവധി തവണ ഉമര്‍ പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും ടൈം നൗവില്‍ വാര്‍ത്ത വന്നിരുന്നു. ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന വ്യാജ വീഡിയോ ആണ് സീ ന്യൂസ് അടക്കമുള്ള ചില ചാനലുകള്‍ കാണിച്ചത്.
സംബവുമായി ബന്ധപ്പെട്ട് ദില്ലി സര്‍ക്കാര്‍ നിയോഗിച്ച മജിസ്‌ട്രേറ്റ് തല അന്വേഷണ റിപ്പോര്‍ട്ടിലും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചാനലുകള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications