നടന്‍ സത്യന്‍ മഥംപട്ടിക്കാര്‍ക്ക് 'കുട്ടിരാജ' ആയിരുന്നു; എല്ലാ സ്വത്തും പോയി, ഹാസ്യതാരത്തിന്റെ ജീവിതം
ചെന്നൈ: കൊട്ടാര ജീവിതം നയിച്ച പ്രതാപകാലത്തിന്റെ കഥ പറയാനുണ്ട് തമിഴ് നടന്‍ സത്യന്. മുഖ്യ നടനായും ഹാസ്യ നടനായുമെല്ലാം തമിഴ് സിനിമകളില്‍ വേഷമിട്ട അദ്ദേഹം ഇപ്പോള്‍ സാധാരണക്കാരെ പോലെ ജീവിക്കുന്നു. ഹാസ്യനടനായ ശേഷമാണ് സത്യന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വിജയ് നായകനായ നന്‍പനിലും തുപ്പാക്കിയിലുമെല്ലാം അദ്ദേഹം ചെയ്ത വേഷങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കൃഷി ഭൂമിയിലും മറ്റുമായി 500 ഏക്കറിലധികം സ്ഥലമുണ്ടായിരുന്നു സത്യന്റെ കുടുംബത്തിന്. സിനിമയോടുള്ള അടങ്ങാത്ത താല്‍പ്പര്യമുള്ള വ്യക്തിയായിരുന്നു അച്ഛന്‍ മഥംപട്ടി ശിവകുമാര്‍. സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നതോടെയാണ് സാമ്പത്തികമായി തിരിച്ചടി നേരിടാന്‍ തുടങ്ങിയത്. ഇതോടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. പിന്നീട് സത്യനായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. പക്ഷേ, സത്യന്റെ സിനിമാ രംഗത്തേക്കുള്ള വരവ് വേണ്ടത്ര വിജയം കണ്ടില്ല.

ഇളയവന്‍, കണ്ണാ ഉന്നൈ തേടുകിറേന്‍ എന്നീ സിനിമകളില്‍ പ്രധാന നായകന്റെ വേഷമിട്ടിരുന്നു സത്യന്‍. പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം ക്യാരക്ടര്‍ റോളുകളിലേക്ക് മാറി. ശേഷം ഹാസ്യ വേഷങ്ങളും കൈകാര്യം ചെയ്തു. ഹാസ്യനടനായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം മുഴുനീളെ ഹാസ്യകഥാപാത്രം ചെയ്യാന്‍ തുടങ്ങി. ഇതുവരെ 70ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
കുടുംബം പ്രമാണിമാര്‍, ആരായിരുന്നു സത്യന്‍
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന സത്യന്റെ ജീവിത കഥ അത്ര വിജയകരമായിരുന്നില്ല. കോയമ്പത്തൂര്‍ ജില്ലയിലെ മഥംപട്ടിയിലെ ഭൂപ്രഭു കുടുംബാംഗമാണ് സത്യന്‍. അച്ഛന്‍ ശിവകുമാര്‍ നാട്ടിലെ പ്രമാണി. കോടികളുടെ ആസ്തിയുള്ള കുടുംബം പ്രദേശത്തെ രാജാക്കന്മാരായിരുന്നു. ശിവകുമാറിന്റെ ഏക മകനാണ് സത്യന്‍. അഞ്ച് ഏക്കറിലാണ് ഇവരുടെ ബംഗ്ലാവ്.
വലിയ സിനിമാ പ്രേമിയായിരുന്നു ശിവകുമാര്‍. തമിഴ് സിനിമാ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധം. നടന്‍ സത്യരാജ് ബന്ധുവാണ്. ഇവരുടെ കുടുംബത്തില്‍ നിന്ന് ആദ്യം സിനിമാ രംഗത്തെത്തിയത് സത്യരാജ് ആയിരുന്നു. അന്ന് സത്യരാജിനെ കുടുംബത്തിലെ പലരും എതിര്‍ത്തെങ്കിലും ശിവകുമാര്‍ ആണ് പിന്തുണച്ചത്. ഓരോ മാസവും ചില സാമ്പത്തിക സഹായങ്ങളും ശിവകുമാര്‍ ചെയ്തു.
എന്നാല്‍ ശിവകുമാര്‍ നിര്‍മിച്ച സിനിമ വന്‍ പരാജയം ഏറ്റുവാങ്ങി. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചു. സ്വത്തുക്കള്‍ വിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തി. മകന്‍ സിനിമയിലെത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ശിവകുമാര്‍ സ്വപ്‌നം കണ്ടു. അങ്ങനെയാണ് ഇളയവന്‍ എന്ന ചിത്രത്തില്‍ സത്യന്‍ മുഖ്യവേഷം ചെയ്തത്. സിനിമ വേണ്ടത്ര വിജയിക്കാതെ വന്നതോടെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയായി. വീണ്ടും സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നു.
ശിവകുമാറിന്റെ മരണശേഷം സത്യന്‍ മഥംപട്ടിയിലെ ബംഗ്ലാവ് വിറ്റ് ചെന്നൈയിലേക്ക് പോയി. മഥംപട്ടിയിലുള്ളവര്‍ കുട്ടിരാജ എന്ന് വിളിച്ചിരുന്ന സത്യന് ഇപ്പോള്‍ പഴയ പ്രതാപമില്ല. പാരമ്പര്യമായി കിട്ടിയ എല്ലാ സ്വത്തുക്കളും അദ്ദേഹം വിറ്റു. മഥംപട്ടിയിലേക്ക് വരുന്നത് കുറവാണ് എന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications