കോളിവുഡിലും പീഡനാരോപണങ്ങള്‍, ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് കുട്ടി പത്മിനി, 'ആത്മഹത്യ ചെയ്തവര്‍ വരെയുണ്ട്'
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ നടിമാരുടെ വെളിപ്പെടുത്തലും മലയാള സിനിമയെ പിടിച്ചുകുലുക്കിയതിന് പിന്നാലെ തമിഴ് സിനിമാലോകത്ത് നിന്നും വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. തമിഴ് ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ വ്യാപകമായ രീതിയില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ട് എന്ന് ജനപ്രിയ നടിയും ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവുമായ കുട്ടി പത്മിനി വെളിപ്പെടുത്തി.
എന്‍ഡിടിവിയോടായിരുന്നു അവരുടെ പ്രതികരണം. ടെലിവിഷന്‍ മേഖലയില്‍ വ്യാപകമായ ലൈംഗിക പീഡനങ്ങള്‍ നടന്നിട്ടുണ്ട് എന്നും നിരവധി സ്ത്രീകള്‍ അതിന്റെ പേരില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവര്‍പറഞ്ഞു. മുമ്പ് ലൈംഗികാരോപണം ഉന്നയിച്ച ഗായിക ചിന്മയിയ്ക്കും നടി ശ്രീ റെഡ്ഡിക്കും തമിഴ് സിനിമാ വ്യവസായം ഏര്‍പ്പെടുത്തിയ വിലക്കില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

'ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഐടി ജോലിക്കാര്‍ എന്നിവ പോലെ ഇതും മറ്റൊരു തൊഴിലിടമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് ഒരു മാംസക്കച്ചവടമാകുന്നത്? ഒരിക്കിലും അംഗീകരിക്കാനാകില്ല,' അവര്‍ പറഞ്ഞു. സംവിധായകരും സാങ്കേതിക വിദഗ്ധരും ടിവി സീരിയലുകളിലെ കലാകാരികളില്‍ നിന്ന് ലൈംഗിക ആവശ്യം നിറവേറ്റാന്‍ നിര്‍ബന്ധിതരാകുകയാണ് എന്നും കുട്ടി പത്മിനി ആരോപിച്ചു.
ലൈംഗിക പീഡനം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും പരാതിപ്പെടുന്നില്ല. ചില സ്ത്രീകള്‍ക്ക് നന്നായി പണം സമ്പാദിക്കാനാകുന്നതിനാല്‍ ഇത് സഹിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം പരാതിപ്പെടുന്നവര്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്ു എന്നും കുട്ടി പത്മിനി പറഞ്ഞു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തുറന്ന് പറഞ്ഞതിന് ചിന്മമയിക്കും ശ്രീ റെഡ്ഡിക്കും വിലക്ക് നേരിടേണ്ടി വന്നിരുന്നു.
തമിഴ് സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നും കുട്ടി പത്മിനി കൂട്ടിച്ചേര്‍ത്തു. 'തെളിവ് എവിടെഎന്ന് സുരേഷ് ഗോപി പറഞ്ഞതായി ഞാന്‍ വായിച്ചു. എങ്ങനെ തെളിവ് നല്‍കാന്‍ കഴിയും. അവര്‍ക്ക് വേണമെങ്കില്‍ സിബിഐ ചെയ്യുന്നത് പോലെ നുണപരിശോധന നടത്താം,' കുട്ടി പത്മിനി പറഞ്ഞു.
ബാലതാരമെന്ന നിലയില്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പത്മിനി പറഞ്ഞു. തന്റെ അമ്മ ഈ വിഷയം ഉന്നയിച്ചപ്പോള്‍ എന്നെ ഒരു ഹിന്ദി സിനിമയില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. അതേസമയം വിനോദ മേഖലയില്‍ നിന്നുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി സ്വാമിനാഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഈ മാസം ആദ്യം പരസ്യമാക്കിയതോടെ മലയാള സിനിമാ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണ്. വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തി എസ്‌ഐടിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും കൂടുതല്‍ അന്വേഷണത്തിനായി എസ്‌ഐടിക്ക് കൈമാറും.












Click it and Unblock the Notifications