മരിച്ചെന്ന് കരുതി സംസ്കാരം; പിന്നാലെ തിരിച്ച് എത്തി: മൂർത്തിയെ കണ്ട ഞെട്ടലിൽ കുടുംബം
ചെന്നൈ: മരിച്ചെന്ന് കരുതി സംസ്കരിച്ച വ്യക്തി വീട്ടിൽ തിരിച്ച് എത്തി. തമിഴ്നാട്ടിലെ ബനഗലാദ്പൂരിൽ ആണ് സംഭവം നടന്നത്. 55 - കാരനായ മൂർത്തി എന്ന ആളാണ് തന്റെ വീട്ടിലേക്ക് തിരിച്ച് എത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കൾ ചേർന്ന് ഇയാളെ സംസാരിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകുന്നേരത്തോട് കൂടി ഇദ്ദേഹം വീട്ടിലേക്ക് തിരിച്ച് എത്തി.
കരിമ്പ് വിളവെടുക്കുന്നതിന്റെ ഭാഗമായി കുറച്ചു ദിവസങ്ങൾക്ക് മുൻപ് മൂർത്തി തിരുപ്പൂരിൽ പോയിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെ മൂർത്തിയുടെ മകൻ കാർത്തിക്കിന് ബന്ധുവിൽ നിന്നും ഒരു ഫോൺ കോൾ വന്നിരുന്നു. തന്റെ പിതാവിനെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് ഫോണിലൂടെ ബന്ധു വിളിച്ച് പറഞ്ഞത്.

സംഭവം അറിഞ്ഞ ഉടൻ തന്നെ മകൻ സ്ഥലത്ത് എത്തി. തുടർന്ന് മൃതദേഹം പിതാവിന്റെ ആണെന്ന് മകൻ സ്ഥിരീകരിച്ചിരുന്നു. പൊലീസ് ആണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. സത്യമംഗലം പൊലീസ് കേസ് എടുത്തതിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ട് നൽകി. തുടർന്ന് ഞായറാഴ്ചയോട് കൂടി മൃതദേഹം സംസ്കരിക്കുകയാണ് ചെയ്തത്.
എന്നാൽ ഇതിന് പിന്നാലെ മൂർത്തി തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു. വീട്ടുകാർ ഞെട്ടലോടെ ആയിരുന്നു മൂർത്തിയെ നോക്കിയത്. മകൻ കാർത്തിക്കും അത്ഭുതത്തോടെ നിന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പിതാവ് വീട്ടിൽ എത്തിയപ്പോൾ ഞങ്ങളുടെ കണ്ണുകളെ ഞങ്ങൾക്ക് വിശ്വസിക്കാൻ സാധിച്ചില്ല.
പിതാവിന്റെ മരണ വാർത്ത കേട്ട് ഞാൻ ഞെട്ടി പോയിരുന്നു. എന്നാൽ, അതിനെക്കാൾ ഞെട്ടിയത് പിതാവ് തിരിച്ച് വന്നപ്പോൾ ആണെന്ന് മകൻ കാർത്തിക്ക് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
അതേസമയം, വീട്ടിൽ പിതാവ് എത്തിയതിന് പിന്നാലെ മകൻ പൊലീസിൽ വിവരം അറിയിച്ചു. മരിച്ച വ്യക്തിയുടെ യഥാർത്ഥ വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം.












Click it and Unblock the Notifications