ശശികല സ്ഥിരം സെക്രട്ടറിയല്ല!! എല്ലാം താല്‍ക്കാലികം!! എഐഡിഎംകെ പിളരുന്നു ?
പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനനാണ് സമിതിയെ തിരഞ്ഞെെടുത്തത്
ചെന്നൈ: തമിഴ്‌നാട്ടില്‍ ഏപ്രിലില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെങ്കിലും ഭരണപാര്‍ട്ടിയായ എഐഡിഎംകെയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. ജയിലിലായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികലയെ വെല്ലുവിളിച്ചുകൊണ്ടു മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ കീഴില്‍ എഐഡിഎംകെ പുതിയ നിയമസഭാസമിതിയെ തിരഞ്ഞെടുത്തു.

മുതിര്‍ന്ന പാര്‍ട്ടി നേതാവായ ഇ മധുസൂദനനാണ് ഭരണസമിതിയിലെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. ഒപിഎസ് അടക്കം 13 പേരാണ് സമിതിയിലുള്ളത്.

ശശികലയാണ് നിലവില്‍ പാര്‍ട്ടി സെക്രട്ടറിയെങ്കിലും മധുസൂദനനും ഒപിഎസുമടങ്ങുന്ന വിമതര്‍ ഇത് അംഗീകരിക്കുന്നില്ല. പാര്‍ട്ടിയുടെ സെക്രട്ടറി പദവി ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. സെക്രട്ടറിയുടെ അഭാവത്തില്‍ പുതിയ അംഗങ്ങളെ നിയമിക്കാനുള്ള അവകാശം പ്രസീഡിയം ചെയര്‍മാനായ തനിക്കാണെന്നും മധുസൂദനന്‍ പറഞ്ഞു.

ശശികലയെ പാര്‍ട്ടിയുടെ സെക്രട്ടറിയായി അംഗീകരിക്കുന്നില്ലെന്ന് മധുസൂദനന്‍ പറഞ്ഞു. നേരത്തേ ഒപിഎസിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് മധുസൂദനനെ പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശശികല പുറത്താക്കുകയായിരുന്നു.

ശശികല എഐഡിഎംകെയുടെ വെറും ഇടക്കാല സെക്രട്ടറി മാത്രമാണ്. അതുകൊണ്ടു തന്നെ തന്നെ പുറത്താക്കാന്‍ അവര്‍ക്ക് ഒരു അവകാശവുമില്ലെന്ന് മധുസൂദനന്‍ പറഞ്ഞു.

നിലവില്‍ ശശികല നിര്‍ദേശിച്ച എടപ്പാടി പളനിസ്വാമിയാണ് തമിഴ്‌നാടിനെ ഭരിക്കുന്നത്. മുഖ്യമന്ത്രി പദത്തിനായി കാത്തിരിക്കെ സുപ്രീം കോടതി വിധിയെ തുടര്‍ന്നു ശശികല ജയിലിലാവുകയായിരുന്നു. തുടര്‍ന്നാണ് അവര്‍ പളനിസ്വാമിയുടെ പേര് നിര്‍ദേശിച്ചത്. സഹോദരീപുത്രന്‍ ടിടിവി ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും ശശികല നിയമിച്ചിരുന്നു.

പനീര്‍ശെല്‍വം പക്ഷം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ മനോജ് കുമാര്‍ പുതുതായി ഒപിഎസ് ക്യാംപിനൊപ്പം ചേര്‍ന്നു. ഇതോടെ പനീര്‍ശെല്‍വത്തിനുള്ള എംഎല്‍എമാരുടെ പിന്തുണ 12 ആയി ഉയര്‍ന്നു.

ഫെബ്രുവരി 18നു നടന്ന ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസ വോട്ടെടുപ്പില്‍ അരുണ്‍കുമാര്‍ പങ്കെടുത്തിരുന്നില്ല. അന്ന് ശശികല പക്ഷം ഭൂരിപക്ഷം നേടി ഭരണത്തിലേറുകയായിരുന്നു.












Click it and Unblock the Notifications