കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ
തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് സർവ്വെ. ഐഎഎൻഎസ്-മാട്രിസ് സർവ്വെയിലാണ് ഞെട്ടിക്കുന്ന പ്രവചനം. 234 അംഗ സഭയിൽ എൻഡിഎ സഖ്യം 14 മുതൽ 127 വരെ സീറ്റുകൾ നേടുമെന്നും വോട്ട് വിഹിതം 40 ശതമാനമാക്കി ഉയർത്തുമെന്നുമാണ് സർവ്വെ പറയുന്നത്. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലാണ് സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മറുവശത്ത്, ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തിന് ഏകദേശം 37 മുതൽ 38 ശതമാനം വരെ വോട്ട് വിഹിതമാണ് പ്രതീക്ഷിക്കുന്നത്. 104- 114 സീറ്റുകളായിരിക്കും സഖ്യത്തിന് ലഭിക്കുകയെന്നും സർവ്വെ പ്രവചിക്കുന്നു.സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഡിഎംകെയെക്കാൾ എഐഎഡിഎംകെയ്ക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ചില മേഖലകളിൽ ഭരണകക്ഷിക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്.

പ്രത്യേകിച്ച് ചെന്നൈ മേഖല ഡിഎംകെയുടെ ശക്തികേന്ദ്രമായി തുടരുമെന്നാണ് പ്രവചനം. തലസ്ഥാന നഗരത്തിലും പരിസരത്തുമുള്ള 37 നിയമസഭാ മണ്ഡലങ്ങളിലും തങ്ങളുടെ പ്രധാന എതിരാളിയേക്കാൾ ഏഴ് മുതൽ എട്ട് ശതമാനം വരെ കൂടുതൽ വോട്ട് നേടാൻ ഡിഎംകെയ്ക്ക് കഴിയുമെന്നും സർവേ വ്യക്തമാക്കുന്നു.
വിജയുടെ ടിവികെ ചലനങ്ങളുണ്ടാക്കുമോ?
അഭിപ്രായ സർവേ പ്രകാരം സംസ്ഥാനത്തുടനീളം 14 മുതൽ 15 ശതമാനം വരെ വോട്ട് വിഹിതം ടിവികെയ്ക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഈ പ്രവചനം യാഥാർത്ഥ്യമായാൽ ആറ് മുതൽ പന്ത്രണ്ട് വരെ സീറ്റുകൾ നേടാൻ ടിവികെയ്ക്ക് കഴിഞ്ഞേക്കും. നിരവധി മണ്ഡലങ്ങളിൽ ടിവികെയ്ക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിക്കുമെന്നും സർവ്വെ പറയുന്നു.
തമിഴ്നാട് പിടിക്കാൻ നാളുകളായി ശ്രമിക്കുകയാണ് ബിജെപി. കർണാടക ഒഴിച്ചുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ദ്രാവിഡ മണ്ണിൽ കരുത്ത് തെളിയിക്കാനായാൽ അത് ബി.ജെ.പിയെ സംബന്ധിച്ച് ചരിത്രനേട്ടമാകും. വിജയിയുടെ ടിവികെയെ പാട്ടിലാക്കാൻ ബിജെപി തീവ്രശ്രമം നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി പദവും 80 സീറ്റുകളുമാണ് പാർട്ടിക്ക് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ വർഷം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിൽ ഇക്കുറി തിരഞ്ഞെടുപ്പ് തീയതി നീട്ടിവെയ്ക്കാൻ തന്നെ കാരണം വിജയിക്ക് നിലപാട് അറിയിക്കാനുള്ള സമയം നൽകിയതാണെന്ന തരത്തിൽ നിരീക്ഷണങ്ങൾ ഉണ്ട്.
234 അംഗ തമിഴ്നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നാണ് നടക്കുക. വോട്ടെണ്ണൽ മെയ് 4-നാണ് നിശ്ചയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ഏകദേശം 5.67 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 2.77 കോടി പുരുഷ വോട്ടർമാരും 2.89 കോടി സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു. കൂടാതെ, ഏകദേശം 12.51 ലക്ഷം വോട്ടർമാർ ഈ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവരാണ്.
2021-ൽ നടന്ന മുൻ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഡിഎംകെ നയിച്ച മതനിരപേക്ഷ പുരോഗമന സഖ്യം ഉജ്ജ്വല വിജയം നേടിയിരുന്നു. അന്ന് ഡിഎംകെ ഒറ്റയ്ക്ക് 133 സീറ്റുകൾ കരസ്ഥമാക്കി. 2016-ൽ നേടിയ 98 സീറ്റുകളിൽ നിന്നുള്ള വലിയ മുന്നേറ്റമായിരുന്നു ഇത്.മൊത്തത്തിൽ, സഖ്യം 159 സീറ്റുകളാണ് കരസ്ഥമാക്കിയത്. അന്ന് എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചത്.ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച എഐഎഡിഎംകെയുടെ സീറ്റ് നില 66 ആയി കുറഞ്ഞു. 2016-ൽ നേടിയ 136 സീറ്റുകളിൽ നിന്നുള്ള വലിയ ഇടിവായിരുന്നു ഇത്.












Click it and Unblock the Notifications