അണ്ണാഡിഎംകെയെ കൈവിടാതെ ബിജെപി: സഖ്യം ശക്തമെന്ന് തമിഴ്നാട് ബിജെപി തലവൻ, ഒപ്പം നിർത്താൻ നിർണ്ണായക ചർച്ചകൾ!!
ചെന്നൈ: അണ്ണാ ഡിഎംകെയുമായുള്ള സഖ്യം ശക്തമാണെന്നും തുടരുമെന്നും തമിഴ്നാട് ബിജെപി തലവൻ എൽ മുരുകൻ. തമിഴിനാട് മുഖ്യമന്ത്രിയും ഭരണകക്ഷിയായ അണ്ണാഡിഎംകെ കോ-കോർഡിനേറ്ററുമായ കെ പളനിസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവരുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇകെ പളനിസ്വാമിയെ അംഗീകരിക്കാൻ വൈകുന്നത് സംബന്ധിച്ച് അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.
വിശ്വഭാരതിയുടെ റോഡ് തിരിച്ചെടുത്ത് മമത, അമര്ത്യ സെന്നിന് കട്ട സപ്പോര്ട്ട്, ബിജെപിക്കെതിരെ ഗെയിം!!

വിദ്യാഭ്യാസ നയം നടപ്പിലാക്കുമോ?
കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ താൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വിഷയത്തിൽ 50 ലക്ഷം ഒപ്പുകൾ അടങ്ങിയ പാർട്ടിയുടെ ഒപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും മുരുകൻ പറഞ്ഞു. പതിറ്റാണ്ടുകളായി പ്രചാരത്തിലുള്ള തമിഴ്, ഇംഗ്ലീഷ് എന്നീ ദ്വിഭാഷാ സൂത്രവാക്യം മാത്രമേ പിന്തുടരുകയുള്ളൂവെന്നും ഹിന്ദി ഉൾപ്പെടുന്ന എൻഇപി 2020 ൽ വിഭാവനം ചെയ്തിട്ടുള്ള മൂന്ന് ഭാഷകളിലേക്ക് പോകില്ലെന്നും തമിഴ്നാട് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വരാനിരിക്കുന്നതെന്ത്?
തമിഴ്നാട്ടിൽ അധികാരത്തിൽ വന്നാൽ സഖ്യകക്ഷികളുമായി അധികാരം പങ്കിടുന്നതിനെക്കുറിച്ചുള്ള പ്രതികരിക്കാൻ മുരുകൻ തയ്യാറായിരുന്നില്ല. എന്നാൽ അണ്ണാഡിഎംകെയുമായുള്ള ബിജെപിയുടെ സഖ്യം തുടരുമെന്നും അത് ശക്തമായി തുടരുകയാണെന്നും പറഞ്ഞു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചാൽ ബിജെപിയെ സർക്കാരിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്ന അണ്ണാഡിഎംകെയുടെ നിലപാടിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നിങ്ങൾ അറിയും എന്ന് മാത്രമാണ് മുരുകൻ പ്രതികരിച്ചത്.

സർക്കാരിലിടമില്ല
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സർക്കാരിൽ ബിജെപിയ്ക്ക് ഇടം നൽകാൻ കഴിയില്ലെന്ന് ഭരണകക്ഷിയായ അണ്ണാഡിഎംകെ സഖ്യകക്ഷിയായ ബിജെപിയോട് തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. ദ്രാവിഡ ഹൃദയഭൂമിയിൽ ബിജെപിക്ക് ഒരിക്കലും ഒരു മുദ്ര പതിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇകെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കാൻ തയ്യാറാവാത്തതാണ് അസ്വാരസ്യങ്ങൾക്ക് കാരണം. തിരഞ്ഞെടുപ്പിലെ ധാരണകളെക്കുറിച്ച് ബിജെപി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അണ്ണാ ഡിഎംഎകെയുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാണ്.

സഖ്യം തുടരും
ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിനിടെയാണ് സാന്നിധ്യത്തിലാണ് ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് അണ്ണാ ഡിഎംകെയുടെ ഉന്നത നേതാക്കളായ പളനിസ്വാമിയും പന്നീർസെൽവവും പ്രഖ്യാപിക്കുന്നത്. നവംബർ 21 നായിരുന്നു അമിത് ഷാ ചെന്നൈയിലെത്തിയത്. എന്നാൽ ഈ പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ബിജെപി അണ്ണാ ഡിഎംകെയോട് ഇത് സംബന്ധിച്ച് പ്രതികരിച്ചില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പളനിസ്വാമിയെ അംഗീകരിക്കാനും തയ്യാറായിട്ടില്ല. ബിജെപിയുടെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെ നേതാവ് ഇകെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചിരുന്നില്ല. ഇതും ബിജെപിയുടെ നീക്കം സംബന്ധിച്ച് ദുരുഹത വർധിപ്പിക്കുന്നതാണ്.

മുഖ്യമന്ത്രി ആര്
പളനിസ്വാമിയെ അണ്ണാ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതായി അൻവർ റാസ പറഞ്ഞു. മറ്റ് പാർട്ടികൾ ഞങ്ങളുടെ സഖ്യ പങ്കാളികളാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പളനിസ്വാമിയെ അവർ അംഗീകരിക്കുകയാണെങ്കിൽ, അവർക്ക് സഖ്യത്തിൽ തുടരാം അല്ലെങ്കിൽ സ്വന്തമായി തീരുമാനമെടുക്കാം. ആരാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് തീരുമാനിക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുകയും സ്വന്തം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്യട്ടെ. ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ, പാർട്ടിക്ക് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഞാൻ അഭ്യർത്ഥിക്കുന്നത്.