ശശികല ഗ്രൂപ്പിനെതിരെ കുരുക്ക് മുറുകി; ആറ് മന്ത്രിമാരെ ചോദ്യം ചെയ്യും, എംപിയെയും, പിന്നില്‍ ബിജെപി?
ആദായ നികുതി വകുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്ന് അണ്ണാഡിഎംകെ നേതാക്കള്‍ പറയുന്നു.
ചെന്നൈ: ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെ അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിനെതിരേ കുരുക്ക് മുറുകുന്നു. പാര്‍ട്ടിയിലെ മന്ത്രിമാരെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചു. ആറ് മന്ത്രിമാരെയാണ് ചോദ്യം ചെയ്യുക.
മന്ത്രിമാര്‍ക്ക് പുറമെ ഒരു പാര്‍ലമെന്റംഗത്തെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ആര്‍കെ നഗറില്‍ വോട്ടിന് പകരം നോട്ട് വിതരണം ചെയ്തതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷ്മമായ പരിശോധിച്ചുവരുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.

90 കോടി രൂപ മണ്ഡലത്തില്‍ വിതരണം ചെയ്തതിന്റെ രേഖകളാണ് മന്ത്രിയുടെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഈ രേഖകളില്‍ ആറ് മന്ത്രിമാരുടെ പേര് കണ്ടെത്തിയിരുന്നു. ഒരു രാജ്യസഭാംഗത്തിന്റെയും പേര് രേഖകളിലുണ്ട്.

ആറ് മന്ത്രിമാരും രാജ്യസഭാംഗവുമാണ് വോട്ടര്‍മാരെ ചാക്കിലാക്കാന്‍ ആര്‍കെ നഗറില്‍ ശ്രമം നടത്തിയിരുന്നതെന്നാണ് രേഖകളില്‍ നിന്നു വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്താല്‍ വിതരണം ചെയ്ത പണത്തിന്റെയും പാര്‍ട്ടി നടത്തിയ മറ്റു നീക്കങ്ങളും പുറത്താവുമെന്നാണ് കരുതുന്നത്.

എന്നാല്‍ അണ്ണാ ഡിഎംകെയെ ഒതുക്കാന്‍ ബിജെപി കളിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ആദായ നികുതി വകുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്ന് അണ്ണാഡിഎംകെ നേതാക്കള്‍ പറയുന്നു.

തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ (അമ്മ) വിഭാഗം ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഉദ്യോഗസ്ഥരെ ഇറക്കി റെയ്ഡ് നടത്തിയതും തിരഞ്ഞെടുപ്പ് റദ്ദാക്കിയതുമെന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ടിടിവി ദിനകരന്‍ പറഞ്ഞു. ബിജെപിക്ക് കെട്ടിവച്ച പണം കിട്ടില്ലെന്ന് വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

ദ്രാവിഡ പാര്‍ട്ടികളിലെ ഭിന്നത മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ അണ്ണാഡിഎംകെ നേതാക്കള്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുവഴി സംസ്ഥാനത്ത് വോട്ട് ബാങ്കുണ്ടാക്കാന്‍ സാധിക്കുമെന്നും ബിജെപി കരുതുന്നു.

ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍, നടന്‍ ശരത് കുമാര്‍, മുന്‍ അണ്ണാഡിഎംകെ എംപി സി രാജേന്ദ്രന്‍ എന്നിവര്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കഴിഞ്ഞദിവസം ഹാജരായിരുന്നു. വോട്ടിന് പകരം നോട്ട് നല്‍കിയെന്ന വിഷയത്തില്‍ വിശദീകരണം ചോദിച്ചറിയാനായിരുന്നു ഇവരെ വിളിപ്പിച്ചത്.

എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിഎസ് ഗീതാലക്ഷ്മിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇതുവരെ ഹാജരായിട്ടില്ല. ഹാജരായ മൂന്ന് പേരെയും പ്രത്യേകം വിളിച്ചാണ് ചോദ്യം ചെയ്തത്. വിജയഭാസ്‌കറിനെയും രാജേന്ദ്രനെയും അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു.

എന്നാല്‍ ശരത് കുമാറിനെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളില്‍ ഇവരുടെ പേരുകളുമുണ്ടായിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച വിശദീകരണമാണ് ചോദിച്ചറിഞ്ഞത്. ഗീതാ ലക്ഷ്മിക്ക് വീണ്ടും സമന്‍സ് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ ഫ്‌ളവര്‍ ബസാറിലെ ആകാശ് ലോഡ്ജില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഇവിടെ വിജയഭാസ്‌കറിന്റെ ചില ബന്ധുക്കള്‍ താമസിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തു. അതിന് ശേഷമാണ് ആരോഗ്യമന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. ഉച്ചയ്ക്ക് ശേഷം 3.50 വരെ ചോദ്യം ചെയ്തു.

എന്നാല്‍ മന്ത്രി വ്യക്തമായ മറുപടികള്‍ നല്‍കിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മന്ത്രിയെ വീണ്ടും വിളിപ്പിക്കും. മറ്റുള്ളവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും മന്ത്രിയെ ഇനി വിളിപ്പിക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ കേസില്‍ കുടുങ്ങുന്നത് ശശികല വിഭാഗത്തിന് തിരിച്ചടിയാണ്. ബുധനാഴ്ചയായിരുന്നു ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പുതിയ തിരഞ്ഞെടുപ്പ് തിയ്യതി ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications