തമിഴ്നാട് മന്ത്രിസഭ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി പദത്തിലേക്ക്, സത്യപ്രതിജ്ഞ ഞായറാഴ്ച
മന്ത്രിസഭ പുനഃസംഘടനയിൽ ഉദസയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചു. ഞായറാഴ്ച വൈകീട്ട് 3.30 ന് രാജ്ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞ. നിലവിൽ കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ്. മന്ത്രിസഭ പുനഃസംഘടനയിൽ മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്. നേരത്തേ കൈക്കൂലി കേസിൽ ജയിലിലായിരുന്ന സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താനും തീരുമാനമായി. ഡോ ഗോവി ചെഴിയാൻ, ആർ രാജേന്ദ്രൻ, എസ്എം നാസർ എന്നിവരാണ് മന്ത്രിസഭയിൽ ഇടംപിടിച്ച മറ്റ് രണ്ട് പേർ.
കഴിഞ്ഞ കുറച്ച് നാളുകളായി ഉദയനിധി ഉപമുഖ്യമന്ത്രിയായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.അടുത്തിടെ കായിക വകുപ്പ് കൂടാതെ ആസൂത്രണ-വികസന മന്ത്രാലയത്തിന്റെ ചുമതലയും ഉദയനിധി നൽകിയിരുന്നു. ഇതോടെ സർക്കാരിൽ കൂടുതൽ കരുത്തനാവുകയാണ് ഉദനയിധി എന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. അതേസമയം ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ സ്റ്റാലിൻ തള്ളിയിരുന്നു. ഇതെല്ലാം ശത്രുക്കളുടെ പ്രചരണമാണെന്നായിരുന്നു വാർത്തകളോട് അന്ന് സ്റ്റാലിൻ പ്രതികരിച്ചത്. മാത്രമല്ല താനടക്കം എല്ലാവരും മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടിമാരാണെന്ന ഉദയനിധിയുടെ വാക്കുകളും സ്റ്റാലിൻ മാധ്യമങ്ങൾക്ക് മുൻപിൽ ആവർത്തിച്ചു.

അതേസമയം ഡിഎംകെയിലും മന്ത്രിസഭയിലും ഉദയനിധി ഇനി ശക്തമായ സാന്നിധ്യമാകും എന്ന വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ മാറ്റം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മന്ത്രിസഭ പുനഃംസഘടനയിൽ സെന്തിൽ ബാലാജിക്ക് എന്ത് വകുപ്പാണ് നൽകുകയെന്ന കാര്യം വ്യക്തമല്ല. നേരത്തേ എക്സൈസ്, വൈദ്യുതി വകുപ്പുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കൈക്കൂലി കേസിൽ 15 മാസം ജയിലിൽ കഴിഞ്ഞയാളാണ് സെന്തിൽ ബാലാജി. 2023 ജൂണിലായിരുന്നു സെന്തിലിനെ ഇഡി അറസ്റ്റ് ചെയ്തത്. സുപ്രീം കോടതിയാണ് സെന്തിലിന് ജാമ്യം അനുവദിച്ചത്.
അതേസമയം മന്ത്രിസഭയിൽ വമ്പൻ അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയായ കെ പൊൻമുടിക്ക് വനം പരിസ്ഥിതി ,കാലാവസ്ഥ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. ശിവ വി മെയ്യനാഥൻ പുതിയ പിന്നാക്ക ക്ഷേമ മന്ത്രിയാകും. എൻ കായൽവിഴി സെൽവരാജിനാണ് ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, വിമുക്തട ക്ഷേമ വകുപ്പുകളുടെ ചുമതല.എം മതിവേന്തന് ആദി ദ്രാവിഡർ, ആദിവാസി ക്ഷേമത്തിൻ്റെ ചുമതലയും ലഭിച്ചു.ക്ഷീര വികസന വകുപ്പിന്റെ ചുമതല ആർഎസ് രാജകണ്ണപ്പനാണ്. സാമ്പത്തിക, പുരാവസ്തു വകുപ്പുകൾക്ക് പുറമേ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ ബോർഡ്, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ കൂടി മന്ത്രി തങ്കം തെന്നരസുവിന് ലഭിച്ചു.












Click it and Unblock the Notifications