'മോദിയോട് അമിത് ഷായ്ക്ക് എന്താണ് ഇത്ര ദേഷ്യം?', പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
ചെന്നൈ: അമിത് ഷായുടെ തമിഴ്‌നാട്ടില്‍ നിന്നൊരു പ്രധാനമന്ത്രി പരാമര്‍ശത്തെ പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമിത് ഷായ്ക്ക് എന്താണ് ഇത്ര ദേഷ്യമെന്ന് സ്റ്റാലിന്‍ ചോദിച്ചു. ഭാവിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയുണ്ടാകുമെന്ന് ഉറപ്പാക്കാനുളള പ്രവര്‍ത്തനം കാഴ്ച വെയ്ക്കണം എന്ന് സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരോട് അമിത് ഷാ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനോടാണ് സ്റ്റാലിന്റെ പ്രതികരണം.
''അദ്ദേഹത്തിന്റെ നിര്‍ദേശത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന് എന്താണ് മോദിയോട് ദേഷ്യം എന്ന് മനസ്സിലാകുന്നില്ല'', എംകെ സ്റ്റാലിന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പരിഹാസരൂപേണ പറഞ്ഞു.

''ഒരു തമിഴ്‌നാട്ടുകാരന്‍ പ്രധാനമന്ത്രിയാകണം എന്നാണ് ബിജെപി കരുതുന്നത് എങ്കില്‍ തമിഴിസൈ സൗന്ദരരാജന്‍ ( തെലങ്കാന ഗവര്‍ണര്‍), എല്‍ മുരുഗന്‍ ( കേന്ദ്രമന്ത്രി) എന്നിവരുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളാകാന്‍ അവര്‍ക്കൊരു അവസരം ലഭിക്കണം എന്നാണ് ഞാന്‍ കരുതുന്നത്'', സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രിമാരാകുന്നത് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞതായി ചില ബിജെപി നേതാക്കളെ ഉദ്ധരിച്ചുളള വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമായി അടച്ചിട്ട മുറിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെ കാമരാജ്, ജികെ മൂപ്പനാര്‍ എന്നിവര്‍ പ്രധാനമന്ത്രിമാരാകുന്നത് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞുവെന്നാണ് ബിജെപി നേതാക്കളെ ഉദ്ധരിച്ച് പുറത്ത് വരുന്ന വാര്‍ത്ത.
എന്നാല്‍ ഈ ആരോപണം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിഷേധിച്ചു. ഈ പ്രസ്താവന പരസ്യമായി നടത്താന്‍ അമിത് ഷായെ സ്റ്റാലിന്‍ വെല്ലുവിളിച്ചു. അപ്പോള്‍ ഡിഎംകെ വിശദമായ മറുപടി നല്‍കാമെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാടിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന അമിത് ഷായുടെ വാദങ്ങളെ ഡിഎംകെ ചോദ്യം ചെയ്തു. സംസ്ഥാനത്തിന് വേണ്ട ഫണ്ട് അനുവദിക്കുക എന്നത് കേന്ദ്രത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഡിഎംകെ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications