തമിഴ്‌നാട്ടില്‍ ടിവികെ ജയത്തിന് കാരണം എസ്‌ഐആര്‍? വോട്ട് വെട്ടാത്തിടത്ത് ആധിപത്യം ഡിഎംകെയ്ക്ക് തന്നെ!
എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍, ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് തന്റെ പാര്‍ട്ടി പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്നാണെന്ന് ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വോട്ടര്‍മാരെ ഒഴിവാക്കിയ ഈ നടപടി ടിവികെയുടെ വിജയത്തിന് എങ്ങനെ സഹായകമായി എന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എസ്‌ഐആര്‍ വഴി വോട്ടര്‍മാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും തമ്മിലുള്ള വിശകലനം നവമാധ്യമങ്ങളില്‍ കൊഴുക്കുകയാണ്.

വോട്ടര്‍മാരെ ഒഴിവാക്കിയവരുടെ എണ്ണം കുറവായിരുന്ന മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ടിവികെക്ക് പ്രയാസം നേരിടേണ്ടി വന്നപ്പോള്‍, ഒഴിവാക്കലുകള്‍ കൂടുതലായിരുന്ന മണ്ഡലങ്ങളില്‍ അവര്‍ കൂടുതല്‍ വിജയങ്ങള്‍ രേഖപ്പെടുത്തി എന്ന് വ്യക്തമാണ്. ദി ഹിന്ദു ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും പങ്ക് വെച്ചിട്ടുണ്ട്. എസ്‌ഐആര്‍ നടപടികള്‍ക്ക് മുമ്പുള്ള കണക്കുകളും 2026 ഏപ്രിലിലെ വോട്ടര്‍ പട്ടികയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഓരോ മണ്ഡലത്തിലെയും വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് പരിശോധിച്ചു.
ആകെ 234 മണ്ഡലങ്ങളില്‍, 10,000 വരെ വോട്ടര്‍മാരെ മാത്രം ഒഴിവാക്കിയ 19 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ടിവികെ 2 സീറ്റുകളിലും, ഡിഎംകെ 7 സീറ്റുകളിലും, എഐഎഡിഎംകെ 6 സീറ്റുകളിലും, മറ്റ് പാര്‍ട്ടികള്‍ 4 സീറ്റുകളിലും വിജയിച്ചു. 80 മണ്ഡലങ്ങളില്‍ 10000 മുതല്‍ 20000 വരെ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതില്‍ ടിവികെ 22 സീറ്റുകളിലും, ഡിഎംകെ 20 സീറ്റുകളിലും, എഐഎഡിഎംകെ 24 സീറ്റുകളിലും, മറ്റുള്ളവര്‍ 14 സീറ്റുകളിലും വിജയിച്ചു.
66 മണ്ഡലങ്ങളില്‍ 20000 മുതല്‍ 30000 വരെ വോട്ടര്‍മാരെ നീക്കം ചെയ്തിരുന്നു. ഇതില്‍ ടിവികെ 32 സീറ്റുകളിലും, ഡിഎംകെ 21 സീറ്റുകളിലും, എഐഎഡിഎംകെ 11 സീറ്റുകളിലും, മറ്റുള്ളവര്‍ 2 സീറ്റുകളിലും വിജയിച്ചു. വോട്ടര്‍മാരെ നീക്കം ചെയ്യുന്നവരുടെ എണ്ണം കൂടുന്തോറും ടിവികെയ്ക്ക് അനുകൂലമായ ട്രെന്‍ഡ് ആണ് കാണുന്നത്. 30,000 മുതല്‍ 50,000 വരെ വോട്ടര്‍മാരെ നീക്കം ചെയ്ത 37 മണ്ഡലങ്ങളില്‍ ടിവികെ 24 സീറ്റുകളിലും, ഡിഎംകെ 8 സീറ്റുകളിലും, എഐഎഡിഎംകെ 5 സീറ്റുകളിലും വിജയിച്ചു.
50000 മുതല്‍ 80000 വരെ വോട്ടര്‍മാരെ നീക്കം ചെയ്ത 22 മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ടിവികെ 18 സീറ്റുകളിലും, ഡിഎംകെ 3 സീറ്റുകളിലും, എഐഎഡിഎംകെ 1 സീറ്റിലും വിജയിച്ചു. 10 മണ്ഡലങ്ങളില്‍ 80000-ത്തിലധികം വോട്ടര്‍മാരെ നീക്കം ചെയ്തിരുന്നു. അവയിലെല്ലാം ടിവികെ വിജയിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിജയിച്ച മണ്ഡലങ്ങളില്‍ ശരാശരി 27,000 വോട്ടര്‍മാരെയാണ് നീക്കം ചെയ്തത്.
2021-ല്‍ ഡിഎംകെ വിജയിച്ച മണ്ഡലങ്ങളില്‍ ശരാശരി 31,000 വോട്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും വോട്ടര്‍ പട്ടികയില്‍ നിന്നുള്ള പേരുകള്‍ നീക്കം ചെയ്തതിനെ ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായ വോട്ടുകളായി കാണാനാവില്ല എന്ന് സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പരകാല പ്രഭാകര്‍ പറഞ്ഞു.
'യുക്തിപരമായി ചിന്തിച്ചാല്‍, പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്യുമായിരുന്നു എന്ന് ഉറപ്പിച്ചു പറയാനാവില്ല. ഈ വിഷയത്തെ വളരെ അടിസ്ഥാനപരമായ തലത്തില്‍ നിന്നാണ് നാം സമീപിക്കേണ്ടത്. വോട്ടവകാശമുള്ള ഒരാള്‍ക്ക് പോലും എങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ ഇടം നേടാനാകാതെ പോകുന്നത്? വിജയികളെയും പരാജയപ്പെട്ടവരെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിന് പകരം, ഈ ചോദ്യമാണ് ഉയരേണ്ടത്', അദ്ദേഹം പറഞ്ഞു.
അതേസമയം നാളെ തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ മുന്‍ മന്ത്രിമാരടക്കം ആറ് എഐഎഡിഎംകെ എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഇതില്‍ ധരാപുരത്തും മധുരാന്തകത്തിലും എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്..
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ വിജയിച്ച അതേ മുന്‍ എ ഐ എ ഡി എം കെ എം എല്‍ എമാരെത്തന്നെയാണ് ടിവികെ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നത്. ഏതായാലും ഈ ആറ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ എസ്‌ഐആര്‍ പൊരുത്തക്കേടുകളുമായി നിലനില്‍ക്കുന്ന സന്ദേഹങ്ങളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications
