'തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലം ആ ധാരണ മാറ്റുമല്ലോ';രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി ബിജെപി
ദില്ലി; തമിഴ്നാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി ജെ പി. തമിഴ്നാട്ടിൽ ബി ജെ പിക്ക് ഒരിക്കലും ഭരിക്കാൻ സാധിക്കില്ലെന്ന രാഹുലിന്റെ പരാമർശത്തിനെതിരേയാണ് ബി ജെ പി നേതാക്കൾ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് ഫലം രാഹുൽ ഗാന്ധിയുടെ സങ്കൽപ്പങ്ങളെ മാറ്റുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉൾപ്പെടെ 230 ടൗൺ പഞ്ചായത്ത് വാർഡുകളിലും 56 മുനിസിപ്പാലിറ്റി വാർഡുകളിലും 22 കോർപ്പറേഷൻ വാർഡുകളിലും ബി ജെ പി വിജയിച്ചിരുന്നു. ഇതോടെ ഡിഎംകെയ്ക്കും എഡിഎംകെയ്ക്കും ശേഷം ബിജെപി ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ അവകാശപ്പെട്ടിരുന്നു.

ബിജെപി ഒരിക്കലും തമിഴ്‌നാട് ഭരിക്കില്ലെന്ന് രാഹുൽ ഗാന്ധി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാർലമെന്റിൽ പ്രവചനം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിന്റെ അത്തരം സങ്കൽപ്പങ്ങളെ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ശേഷം കോൺഗ്രസിനെക്കാൾ വലിയ മൂന്നാമത്തെ കക്ഷിയാണ് ബി ജെ പി. ഇതുവരെ ജയിക്കാത്ത മേഖലകളിൽ ഉൾപ്പെടെ ബി ജെ പി വിജയിച്ചു, അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
തന്റെ പാർലമെന്റ് പ്രസംഗത്തിലായിരുന്നു രാഹുൽ ഗാന്ധി തമിഴ്നാടിനെ കുറിച്ച് പറഞ്ഞത്. പ്രധാനമന്ത്രി മോദി 'രാജാവ്' എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനങ്ങളുടെ വിശ്വാസം ഒരിക്കലും നേടാനാവില്ല. നിങ്ങളുടെ ജീവിതത്തിലൊരിക്കലും നിങ്ങള്‍ക്ക് തമിഴ്നാട്ടിലെ ജനങ്ങളെ ഭരിക്കാന്‍ കഴിയില്ല'എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. അതേസമയം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. സ്വാഭിമാനത്തെ വിലമതിക്കുന്ന അതുല്യമായ സാംസ്‌കാരികവും രാഷ്ട്രിയവുമായ വേരുകളിലൂന്നിയ തമിഴ് ജനതയുടെ വാദം പാര്‍ലമെന്റില്‍ രാഹുല്‍ അവതരിപ്പിച്ചെന്നായിരുന്നു സ്റ്റാലിന്റെ വാക്കുകൾ.
അതേസമയം തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തേരോട്ടമായിരുന്നു ഡി എം കെ കാഴ്ച വെച്ചത്. 10 വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ കേന്ദ്രങ്ങളെ അമ്പരിപ്പിച്ച് കൊണ്ടായിരുന്നു ഡി എം കെ വിജയം. സംസ്ഥാനത്തെ 21 കോർപറേഷനുകളിലും മുനിസിപാലിറ്റികളിലും ടൗൺ പഞ്ചായത്തിലുമെല്ലാം ഭരണ മുന്നണി മുന്നേറി. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ് 592 സീറ്റുകളിൽ വിജയിച്ചിരുന്നു.












Click it and Unblock the Notifications