സൗജന്യ വൈഫൈ, വൈദ്യുതി, മൊബൈല്‍: വോട്ട് വാങ്ങാന്‍ ജയലളിതയുടെ വക വാഗ്ദാന പെരുമഴ!
ചെന്നൈ: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെയെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചാല്‍ തമിഴ്‌നാട്ടുകാര്‍ക്ക് എന്തൊക്കെ കിട്ടും. ഉത്തരം ഇതാ ഇങ്ങനെ പോകുന്നു. സൗജന്യമായി മൊബൈല്‍ ഫോണുകള്‍ കിട്ടും. സൗജന്യമായി വൈഫൈ കിട്ടും. സൗജന്യമായി മാസംതോറും 100 യൂണിറ്റ് വൈദ്യുതി കിട്ടും... തീര്‍ന്നില്ല പട്ടിക.
സഖ്യകക്ഷി നേതാവായ എം കരുണാനിധിക്കൊപ്പം റാലികളില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തമിഴ്‌നാട്ടില്‍ എത്തിയ നല്ല നേരം നോക്കിയാണ് പുരൈട്ചി തലൈവി ജയലളിത തന്റെ പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തുവിട്ടത്. സാധാരണ ഗതിയില്‍ പാര്‍ട്ടി ആസ്ഥാനത്താണ് പത്രിക പുറത്തിറക്കാറുള്ളത്. എന്നാല്‍ ഇത്തവണ അത് പൊതുറാലിയിലേക്ക് മാറി. എന്തൊക്കെയാണ് തമിഴകത്തിന് അമ്മയുടെ വാഗ്ദാനങ്ങള്‍, കാണൂ...

സൗജന്യ ലാപ്‌ടോപ്
വോട്ട് മറിക്കാന്‍ വേണ്ടി പാര്‍ട്ടികള്‍ ടിവിയും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിതരണം ചെയ്യുന്ന കാഴ്ച മുമ്പ് തമിഴ്‌നാട്ടില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ജയിച്ചാല്‍ പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും ഒപ്പം ഇന്റര്‍നെറ്റ് കണക്ഷനും നല്‍കും എന്നാണ് ജയലളിത പറയുന്നത്.

സൗജന്യ വൈദ്യുതി
നിവലിലെ ഉപഭോഗം നോക്കി ഓരോ വീടുകള്‍ക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം. 78 ലക്ഷം കുടുംബങ്ങളെയാണ് എ ഐ എ ഡി എം കെ ഇതുവഴി ലക്ഷ്യമിടുന്നത്.

അമ്മ ബാങ്കിംഗ് കാര്‍ഡ്
സംസ്ഥാനത്തെ ബാങ്കുകളുമായി സഹകരിച്ച് ആളുകള്‍ക്ക് അമ്മ ബാങ്കിംഗ് കാര്‍ഡുകള്‍ വിതരണം ചെയ്യും. ബാങ്കിടപാടുകളെ സഹായിക്കുന്ന ഈ കാര്‍ഡ് ലോണും മറ്റാവശ്യങ്ങളും വേഗത്തിലാക്കാനും ഉപകരിക്കും. 2011 ലെ പല സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും അതേപോലെ തുടരുകയും ചെയ്യും.

സാമ്പത്തിക സഹായം
സംസ്ഥാനത്തെ അമ്മമാര്‍ക്ക് വേണ്ടിയും പദ്ധതികളുണ്ട്. പ്രവസത്തിന് നിലവില്‍ 12000 രൂപ ധനസഹായം നല്‍കുന്നത് 18000 രൂപയാക്കും. താലിക്ക് 4 ഗ്രാം സ്വര്‍ണം എന്നത് 8 ഗ്രാം ആക്കും. പൊങ്കലിന് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ 500 രൂപ വീതം നല്‍കും.












Click it and Unblock the Notifications