തമിഴ്നാട് എക്സിറ്റ് പോള്‍: ഇത്തവണയും ഇന്ത്യ സഖ്യം തന്നെ, പക്ഷെ ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം
ചെന്നൈ: 543 മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് പൂർത്തിയായതോടെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ എക്സിറ്റ് പോള്‍ പ്രവചന പ്രകാരം തമിഴ്നാട്ടില്‍ ഇത്തവണയും ഇന്ത്യ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കും. എന്നാല്‍ അത് കഴിഞ്ഞ തവണത്തേത് പോലെ ഏക പക്ഷീയമായിരിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. സംസ്ഥാനത്ത് വലിയ മുന്നേറ്റ മുണ്ടാക്കാന്‍ പോകുന്ന ഒരു പാർട്ടി ബി ജെ പി ആയിരിക്കുമെന്നാണ് ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ സർവ്വെ പറയുന്നത്.
ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ സർവ്വേ പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഇന്ത്യ സഖ്യത്തിന് 33 മുതല്‍ 37 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. എ ഐ എ ഡി എം കെ പൂജ്യം മുതല്‍ 2 വരെ സീറ്റുകള്‍ നേടിയേക്കാം. ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ വിജയ സാധ്യത 2 മുതല്‍ 4 വരെ സീറ്റിലാണ്. ഇന്ത്യാ സഖ്യത്തില്‍ ഡി എം കെ 22 വരെ സീറ്റിലും കോണ്‍ഗ്രസ് ആറ് മുതല്‍ എട്ട് സീറ്റിലും വിജയിച്ചേക്കാമെന്നും സർവ്വെ വ്യക്തമാക്കുന്നു.

തമിഴ്നാട്ടില്‍ ഡി എം കെ 21, കോണ്‍ഗ്രസ് 8, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്ലീം ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ 1, എം ഡി എം കെ 1 എന്നിങ്ങനെയാണ് ഇന്ത്യാസഖ്യത്തിലെ പാർട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍. കഴിഞ്ഞ തവണ ഡി എം കെ മത്സരിച്ച തേനി ഒഴികേയുള്ള എല്ലാ മണ്ഡലങ്ങളിലും സഖ്യം വിജയിച്ചിരുന്നു. എ ഐ എ ഡി എംകെ നയിക്കുന്ന സഖ്യത്തില്‍ എ ഐ എ ഡി എം കെ 32 സീറ്റിലും പുതിയ തമിഴകം, എസ് ഡി പി ഐ എന്നീ പാർട്ടികള്‍ ഒരോ സീറ്റിലും മത്സരിക്കുന്നു. രണ്ടില ചിഹ്നത്തിലാണ് ഇവർ രണ്ടുപേരുടേയും മത്സരം.
വിജയകാന്തിന്റെ ഡി എം ഡി കെയ്ക്ക് നാല് സീറ്റും നല്‍കിയിട്ടുണ്ട്. എന്‍ ഡി എ സഖ്യത്തില്‍ ബി ജെ പി 18 സീറ്റില്‍ മത്സരിക്കുന്നു. ഐ ജെ കെ, ഐ എം എ എം എ , പി എന്‍ കെ,ടി എം എം കെ തുടങ്ങിയവർ ഓരോ സീറ്റില്‍ താമര ചിഹ്നത്തിലും മത്സരിക്കുന്നു. പി എം കെ 10, തമിള്‍ മാനില കോണ്‍ഗ്രസ് 3, അമ്മ മക്കള്‍ മുന്നേറ്റ കഴകം 2 സീറ്റിലും മത്സരിക്കുന്നു. സ്വതന്ത്രനായി മത്സരിക്കുന്ന ഒ പനീർശെല്‍വത്തിനും ബി ജെ പി പിന്തുണയുണ്ട്.












Click it and Unblock the Notifications