നാലുവയസുകാരനെ മദ്യം കഴിപ്പിക്കുന്ന വീഡിയോ വൈറല്‍; രണ്ടുപേര്‍ അറസ്റ്റില്‍
ചെന്നൈ: നാലുവയസുകാരനെ മദ്യം കഴിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയവഴി വൈറലായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ സോഴന്‍കുപ്പം സ്വദേശികളാണ് അറസ്റ്റിലായവര്‍, സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു മൂന്നുപേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായവര്‍ക്കെതിരെ കൊലപാതകശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
ഫേസ്ബുക്ക്, യു ട്യൂബ്, വാട്‌സ് ആപ് തുടങ്ങിയവ വഴി വൈറലായ ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രതികളെ കുടുക്കിയത്. നാലുവയസുകാരനെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കാന്‍ ശ്രമിക്കുന്നതും. കുട്ടി നിരസിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിക്കെതിരായ പീഡനം വ്യക്തമായതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയിരുന്നു.
കുട്ടിയുടെ അമ്മാവനായ മുരുഗനും സുഹൃത്ത് മണികണ്ഠനുമാണ് കുട്ടിയുമായി പുറത്തുപോയത്. ഒരു തടാകക്കരയിലിരിന്ന് ഇരുവരും മദ്യപിക്കവെ മറ്റു മൂന്നുപേര്‍കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നു. മദ്യം തലയ്ക്കുപിടിച്ചതോടെ ഇവര്‍ കുട്ടിക്കെതിരെ തിരിയുകയായിരുന്നു. ഒരു പ്ലാസ്റ്റിക് കപ്പില്‍ കുട്ടിക്ക് കടലയും മറ്റൊരു കപ്പില്‍ മദ്യവും ഒഴിച്ചു നല്‍കി.
കുട്ടിയെ മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും നിരസിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ പൊട്ടിച്ചിരിക്കുന്നും വീഡിയോയില്‍ വ്യക്തമാണ്. മദ്യം അകത്തു ചെന്ന കുട്ടി ചുമയോടുകൂടി അത് തുപ്പിക്കളയുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷമാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications