അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ തമിഴ്‌നാട് ഡിജിപി; എഡിഎംകെയ്ക്ക് ചങ്കിടിപ്പ്
ചെന്നൈ: പ്രശസ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ പി കന്തസ്വാമാമി തമിഴ്‌നാടിന്റെ പുതിയ വിജിലന്‍സ് മേധാവി. ഡിജിപി റാങ്കോടെയാണ് നിയമനം. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പുതിയ നിയമനം. നേരത്തെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത് ഷായെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് കന്തസ്വാമി. മറ്റു പല പ്രധാന കേസുകളും ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയം കൊലപ്പെടുത്തിയ കേസിലാണ് അമിത് ഷായെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് കോടതി കുറ്റവിമുക്തനാക്കി.

സുഹ്‌റബുദ്ദീന്‍ കേസില്‍ സാക്ഷിയായിരുന്ന തുളസിറാം പ്രജാപതി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 2010ലായിരുന്നു അമിത് ഷായുടെ അറസ്റ്റ്. അന്ന് സിബിഐയില്‍ ഐജി ആയിരുന്നു കന്തസ്വാമി. ഡിഐജി ആയിരുന്ന അമിതാഭ് ഠാക്കൂറുമൊത്തായിരുന്നു അമിത് ഷായെ അറസ്റ്റ് ചെയ്തത്. കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ കേസും ഇദ്ദേഹം അന്വേഷിച്ചിരുന്നു.
തമിഴ്‌നാട് കേഡറിലുള്ള ഐസിഎസ് ഓഫീസറാണ് കന്തസ്വാമി. ഇദ്ദേഹത്തിന്റെ പുതിയ നിയമനം എഡിഎംകെ സര്‍ക്കാരിന്റെ കാലത്തെ അഴിമതി അന്വേഷണത്തിന് വേണ്ടിയാണെന്ന് സൂചനയുണ്ട്. നേരത്തെ പ്രതിപക്ഷത്തായിരുന്ന വേളയില്‍ ഡിഎംകെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ക്കും വിജിലന്‍സിലും പരാതിയും നല്‍കി. എന്നാല്‍ എഡിഎംകെ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായില്ല. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ അഴിമതിയും അന്വേഷിക്കുമെന്ന് എംകെ സ്റ്റാലിന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തി ദിവസങ്ങള്‍ പിന്നിടവെയാണ് കന്തസ്വാമിയുടെ നിയമനം. ഇതാകട്ടെ എഡിഎംകെ നേതാക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്.












Click it and Unblock the Notifications