കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 14 പേരുടെ നില ഗുരുതരം
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 34 പേരാണ് വിഷമദ്യം കഴിച്ച് മരിച്ചത്. 108 പേര്‍ ആശുപത്രിയില്‍ ചികിത്സസയിലാണ്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. 60ലധികം പേര്‍ പുതുച്ചേരി സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ലോഡിംഗ് തൊഴിലാളികളാണ് ദുരന്തത്തില്‍ ഇരയായവരില്‍ ഭൂരിഭാഗം പേരും.
അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉന്നതതല യോഗം വിളിച്ചു. കുറ്റവാളികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. വിഷ മദ്യ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബി സിഐഡിക്ക് കൈമാറിയിരിക്കുകയാണ്. സിബി-സിഐഡി സംഘം ഇന്നലെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 26 പേര്‍ പാക്കറ്റുകളില്‍ നിന്ന് അരക്ക് എടുത്തിട്ടുണ്ടെന്നും ഫോറന്‍സിക് പരിശോധനയില്‍ വിഷാംശമുള്ള മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായും സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍, ജില്ലാ പോലീസ് മേധാവി സമയ് സിങ് മീണയെ സസ്‌പെന്‍ഡ് ചെയ്യുകയും പകരം രജത് ചതുര്‍വേദിയെ നിയമിക്കുകയും ചെയ്തു.
കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജാതാവത്തിന് പകരം എം എസ് പ്രശാന്തിനെ നിയമിച്ചു. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥനെയും മൂന്ന് ഇന്‍സ്പെക്ടര്‍മാരെയും നിരവധി സബ് ഇന്‍സ്പെക്ടര്‍മാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആളുകളുടെ ജീവന്‍ നഷ്ടമായതില്‍ ഞെട്ടലും വേദനയുമുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു.
ദുരന്തം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും ഇതിന് പിന്നിലുള്ളവരെ കുറിച്ച് പൊതുജനങ്ങള്‍ പരാതിപ്പെട്ടാല്‍ നടപടിയെടുക്കും എന്നും സ്റ്റാലിന്‍ പറഞ്ഞു. ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യം ഉള്‍പ്പെടെ രണ്ട് മന്ത്രിമാരോട് കള്ളക്കുറിച്ചിയിലെത്താനും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിവിധ സ്ഥലങ്ങളിലായി മൂന്ന് പേര്‍ മരിച്ചതിനെ തുടര്‍ന്ന് വിഷമദ്യമാണ് മരണകാരണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജാതാവത്ത് ഇത്തരം വാര്‍ത്തകള്‍ ആദ്യം നിഷേധിക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളും എന്‍ഫോഴ്സ്മെന്റ് വിഭാഗവും ഈ ദുരന്തത്തെ വലിയ പരാജയമായാണ് കാണുന്നത്.
കഴിഞ്ഞ വര്‍ഷവും തമിഴ്‌നാട്ടില്‍ 22 പേരാണ് മെഥനോള്‍ കഴിച്ച് മരിച്ചത്. എഐഎഡിഎംകെ അധ്യക്ഷനും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ പളനിസ്വാമി സംഭവത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. താന്‍ നേരത്തെ തന്നെ വിഷയം ചൂണ്ടിക്കാണിച്ചിട്ടും വിഷ മദ്യ പ്രശ്‌നം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു.
വിഷ മദ്യം കഴിച്ച് കഴിഞ്ഞ വര്‍ഷം 22 പേര്‍ മരിച്ചിട്ടും ഡിഎംകെ പാഠം പഠിച്ചിട്ടില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയും കുറ്റപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് ചിലര്‍ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.












Click it and Unblock the Notifications