'സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതില്‍ വോട്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ കഴിയില്ല' -കമല്‍ഹാസന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനവധി അംഗീകരിക്കാൻ തയ്യാറാകാതെ പാര്‍ട്ടി അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. പാർട്ടിയായ മക്കള്‍ നീതി മയ്യം തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.
സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതില്‍ വോട്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം നിരവധി സീറ്റുകളില്‍ മക്കള്‍ നീതി മയ്യം മത്സരിച്ചിരുന്നു. എന്നാൽ, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം ഒറ്റ സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല.

'ജനവിധി അംഗീകരിക്കുന്നുവെന്ന് പറയുന്നത് ഒരു ഔപചാരികതയാണ്, അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നു. ചരിത്രത്തില്‍ ഉദാഹരണങ്ങളുണ്ട്. ഞങ്ങളെ പോലുള്ള സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതില്‍ വോട്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ കഴിയില്ല. എന്നാല്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള നല്ല പ്രവർത്തനങ്ങൾ തുടരും.'- കമല്‍ഹാസന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സഖ്യം വിജയം വന്‍വിജയമാണ് നേടിയത്. എ.ഐ.എ.ഡി.എം.കെ.യുടെ കോട്ടയായിരുന്ന കോയമ്പത്തൂര്‍ അടക്കം സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകളും സഖ്യം നേടി.
138 മുനിസിപ്പാലിറ്റികളില്‍ 133-ലും 489 നഗരപ്പഞ്ചായത്തുകളില്‍ 437-ലും ഭരണം പിടിച്ചു. ഡി.എം.കെ. സഖ്യകക്ഷികളായ കോണ്‍ഗ്രസ്, സി.പി.ഐ., സി.പി.എം., എം.ഡി.എം.കെ., വി.സി.കെ., മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും നേട്ടം ഉണ്ടായി.
എന്നാല്‍, മുഖ്യ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ.യ്ക്ക് ഒരു കോര്‍പ്പറേഷനില്‍പ്പോലും ഭരണം നിലനിര്‍ത്താന്‍ സാധിച്ചില്ല. മൂന്ന് മുനിസിപ്പാലിറ്റികളിലും 14 നഗരപ്പഞ്ചായത്തുകളിലും മാത്രമാണ് ഭൂരിപക്ഷം നേടാനായത്.
എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യം ഉപേക്ഷിച്ച് തനിച്ചു മത്സരിച്ച ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ നേടി. എന്നാൽ, രണ്ട് നഗര പ ഞ്ചായത്തുകളില്‍ ബി.ജെ.പി.ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications