'തേനിയും പിടിച്ചെടുത്ത് 39 ല്‍ 39 ലും വിജയം': ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി സ്റ്റാലിനും കൂട്ടരും
ചെന്നൈ: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട് തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങള്‍ സജീവമാക്കി ഡിഎംകെ. 2019 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 39 ല്‍ 38 സീറ്റും നേടാന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സാധിച്ചിരുന്നു. ഡിഎംകെ മത്സരിച്ച 20 ല്‍ 20 സീറ്റിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 9 ല്‍ എട്ടിലും ഇടത് പാർട്ടികളായ സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളിലും വിജയിച്ചു. ലീഗ്, എംഡിഎംകെ തുടങ്ങിയ നാല് കക്ഷികള്‍ ഒരോ സീറ്റുകളിലും വിജയിച്ചു.
ബിജെപിയുമായി സഖ്യം ചേർന്നായിരുന്നു എഐഎഡിഎംകെയുടെ മത്സരമെങ്കിലും ആകെ വിജയിക്കാന്‍ സാധിച്ചത് തേനി സീറ്റിലായിരുന്നു. ബാക്കി മത്സരിച്ച 19 സീറ്റിലും പാർട്ടി പരാജയപ്പെട്ടു. ബിജെപി, വിജയകാന്തിന്റെ ഡിഎംഡികെ തുടങ്ങിയ പാർട്ടികളൊക്കെ മത്സരിച്ച എല്ലാ സീറ്റിലും തോല്‍വി അറിഞ്ഞു. തേനിയില്‍ മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന്‍റെ മകന്‍ രവീന്ദ്രനാഥായിരുന്നു വിജയി. എന്നാല്‍ അടുത്തിടെ രവീന്ദ്രനാഥിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇത്തവണ തേനി കൂടി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിഎംകെ സഖ്യത്തിന്റെ പ്രവർത്തനം. സഖ്യകക്ഷികളോടും സ്വന്തം പാർട്ടി പ്രവർത്തകരോടും തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സ്റ്റാലിന്‍ നിർദേശിച്ചിട്ടുണ്ട്. പാർട്ടി മത്സരിക്കുന്ന സീറ്റുകളില്‍ നിലവിലെ എംപിമാരില്‍ ബഹുഭൂരിപക്ഷവും തുടരാനാണ് സാധ്യത. എന്നാല്‍ ചിലരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിച്ചേക്കും. സഖ്യകക്ഷികള്‍ക്ക് കഴിഞ്ഞ തവണത്തേത് പോലെ തന്നെ സീറ്റുകള്‍ നല്‍കാനാണ് സാധ്യത.
അതേസമയം എഐഎഡിഎംകെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. എഐഎഡിഎംകെ 39 സീറ്റുകളിലും വിജയിക്കാന്‍ ശ്രമിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി അഭിപ്രായപ്പെട്ടത്. സഖ്യകക്ഷിയായ ബി ജെ പിയുമായുള്ള അഭിപ്രായ വ്യത്യാസം തുടരുകയാണെങ്കിലും എല്ലാ പാർട്ടികൾക്കും അവരുടേതായ പ്രത്യയശാസ്ത്രങ്ങളുണ്ടെന്നും തിരഞ്ഞെടുപ്പുകാലത്ത് പൊതുവായ ധാരണ ഉണ്ടാകുന്നതുവരെ നമ്മൾ ഓരോരുത്തരും നമ്മുടെ പാർട്ടിയുടെ നിലപാടിനെ പ്രതിനിധീകരിക്കുമെന്നും എടപ്പാടി പറഞ്ഞു.
മറുവശത്ത് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 25 സീറ്റുകളിൽ പാർട്ടി മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ബി.ജെ.പിയും സഖ്യകക്ഷികളും തമിഴ്‌നാട്ടിൽ നിന്ന് 39 എം.പിമാരെ ലോക്‌സഭയിലേക്ക് അയക്കും. 2024-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 400-ലധികം എംപിമാരുമായി പാർലമെന്റിൽ പ്രവേശിക്കുമ്പോൾ, ഞങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് 25 എംപിമാരെ അയക്കും. പാർലമെന്റിൽ ഞങ്ങളുടെ സഖ്യകക്ഷികളുൾപ്പെടെ 39 എംപിമാർ ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications