ശശികലക്കെതിരെ പുതിയ കേസ്; പിന്നില്‍ പഴയ അനുയായി... വീണ്ടും കെണിയൊരുങ്ങുന്നു
ചെന്നൈ: ജയലളിതയുടെ തോഴിയായിരുന്നു വികെ ശശികല. തോഴിയാണെങ്കിലും ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് എഐഎഡിഎംകെയെയും സര്‍ക്കാരിനെയും നിയന്ത്രിച്ചിരുന്നത് ശശികലയാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ജയലളിതയ്‌ക്കൊപ്പം അനധികൃത സ്വത്ത് സമ്പാദന വിവാദത്തില്‍ കുടങ്ങിയ ശശികല 2017ലാണ് ശിക്ഷിക്കപ്പെട്ടത്.
നാല് വര്‍ഷം തടവ് ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് തിരിച്ചെത്തിയ ശശികല പാര്‍ട്ടിയില്‍ സജീവമാകാനുള്ള നീക്കം നടത്തുന്നുണ്ട്. എന്നാല്‍ അതിന് തടസങ്ങള്‍ ഏറെയാണ്. അതിനിടെയാണ് ശശികലയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

ജയിലില്‍ നിന്ന് തിരിച്ചെത്തിയ ശശികലയ്ക്ക് കാണാന്‍ കഴിഞ്ഞത് എഐഎഡിഎംകെ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ അവര്‍ സജീവമായിരുന്നില്ല. പാര്‍ട്ടി ദയനീയമായി തോറ്റതോടെ ശശികല വീണ്ടും ഒരുങ്ങുകയാണ്. പാര്‍ട്ടി നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ശശികലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 16 മുതിര്‍ന്ന അംഗങ്ങളെ അടുത്തിടെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

ശശികലയെ പാര്‍ട്ടിയുമായി അടുപ്പിക്കില്ല എന്നാണ് എടപ്പാടി പളനിസ്വാമിയുടെയും ഒ പനീര്‍ശെല്‍വത്തിന്റെയും അനുയായികള്‍ പറയുന്നത്. ശശികലയെ പുറത്താക്കിയതാണെന്നും മറിച്ചുള്ള ഒരു തീരുമാനവുമില്ലെന്നും ഒപിഎസ്-ഇപിഎസ് പക്ഷങ്ങള്‍ ഒരുമിച്ച് പറയുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു അടവാണ് ശശികല പയറ്റുന്നത്.

പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്താനുള്ള തന്ത്രമാണ് ശശികലക്കുള്ളത്. പനീര്‍ശെല്‍വത്തിന്റെ ആത്മാര്‍ഥതയും അദ്ദേഹം മുന്നില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യകതയുമെല്ലാം പറഞ്ഞുള്ള ശശികലയുടെ ഓഡിയോ സന്ദേശം ഇടയ്ക്കിടെ പുറത്തിറങ്ങുന്നുണ്ട്. മാത്രമല്ല, പളനിസ്വാമിയുടെ ഗൗണ്ടര്‍ സമുദായം അമിതമായി പാര്‍ട്ടിയെ നിയന്ത്രിക്കുന്നു എന്ന ആക്ഷേപവും ശശികല ഉന്നയിച്ചിരുന്നു.

എഐഎഡിഎംകെയുടെ ചുക്കാന്‍ വീണ്ടും നിയന്ത്രണത്തിലാക്കാന്‍ ശശികല ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് പഴയ അനുയായികളെ കൂടെ ചേര്‍ക്കാനുള്ള ശ്രമം. ശശികലയോട് മമതയുള്ള ഒട്ടേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ട്. അവരെ കൂടെ നിര്‍ത്താനാണ് ശശികല ശ്രമിക്കുന്നത്. അതിനിടെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുന്‍ നിയമ മന്ത്രി സിവി ഷണ്‍മുഖത്തിന്റെ പരാതിയിലാണ് ശശികലയ്‌ക്കെതിരെ തമിഴ്‌നാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശശികലയ്‌ക്കെതിരെ നേരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച നേതാവാണ് ഷണ്‍മുഖം. തന്റെ പ്രസ്താവനയ്ക്ക് ശേഷം ശശികലയുടെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഷണ്‍മുഖത്തിന്റെ പരാതി.

എഐഎഡിഎംകെയുടെ വില്ലുപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ് ഷണ്‍മുഖം. റോഷാണൈ പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം ശശികലയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജൂണ്‍ 7ന് ശശികലയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച ഷണ്‍മുഖം ശശികലയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് വധഭീഷണിയുണ്ടായതത്രെ.
Recommended Video

ജൂണ്‍ 9നാണ് ഷണ്‍മുഖം പരാതി നല്‍കിയത്. ശശികല നേരിട്ട് തന്നെ ഭീഷണിപ്പെടുത്തിയില്ലെങ്കിലും ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തന്റെ മൊബൈലിലേക്ക് 500ലധികം കോളുകള്‍ വന്നുവെന്നും വധിക്കുമെന്നാണ് ഭീഷണിയെന്നും ഷണ്‍മുഖം പറയുന്നു. ശശികലയെയും മറ്റു 500 പേരെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications