'മുണ്ടൂരിപ്പോയി ഡ്രോണേ'; പോലീസ് ഡ്രോൺ കണ്ട് കണ്ടം വഴിയോടി കാരംസ് കളിക്കാർ, വീഡിയോ വൈറൽ!
ചെന്നൈ: ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും സര്‍ക്കാര്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പലരും ഇത് ഗൗരവത്തോടെ എടുത്തിട്ടില്ല. ജോലിക്ക് പോകാന്‍ സാധിക്കാതെ വിട്ടിലിരുന്ന് ബോറടിക്കുമ്പോള്‍ റോഡിലേക്കും പറമ്പിലേക്കുമൊക്കെ ആളുകള്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നു. ഇത്തരക്കാരെ തിരികെ വീട്ടിലേക്ക് കയറ്റാന്‍ കേരള പോലീസ് ഡ്രോണിനെ ഇറക്കിയിരുന്നു.
Recommended Video
കേരള പോലീസിന്റെ വഴിയില്‍ തന്നെയാണ് തമിഴ്‌നാട് പോലീസും. നൂറുകണക്കിന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുളള സംസ്ഥാനമാണ് തമിഴ്‌നാട്. അതുകൊണ്ട് തന്നെ അതീവജാഗ്രത അത്യാവശ്യവുമാണ്. പുറത്ത് കറങ്ങി നടക്കുന്നവര്‍ പോലീസിന്റെ ഡ്രോണ്‍ തലയ്ക്ക് മുകളില്‍ കണ്ടതിന് ശേഷം കണ്ടം വഴി ഓടുന്ന നിരവധി വീഡിയോകള്‍ കേരള പോലീസ് പുറത്ത് വിട്ടിരുന്നു.

ഇത്തരത്തില്‍ തമിഴ്‌നാട് പോലീസ് പുറത്തിറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ഒരു സംഘം യുവാക്കള്‍ ലോക്ക്ഡൗണിനിടെ മരച്ചുവട്ടില്‍ കാരംസ് കളിക്കുകയായിരുന്നു. എന്നാല്‍ ഡ്രോണ്‍ ഇവരെ വിട്ടില്ല. കളിയുടെ തിരക്കില്‍ മുഴുകിയ ആളുകള്‍ ഡ്രോണ്‍ തലയ്ക്ക് തൊട്ട് മുകളില്‍ എത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ഇതോടെ കാരംസും വിട്ട് കളിക്കാര്‍ നാല് പാടും ചിതറിയോടി.
ഓട്ടത്തിനിടയില്‍ രണ്ട് പേര്‍ തിരികെ വന്ന് കളിസ്ഥലത്ത് നിര്‍ത്തിയിട്ട ബൈക്കെടുത്ത് സ്ഥലം വിട്ടു. രണ്ട് പേര്‍ കാരംസ് ബോര്‍ഡ് എടുക്കാനും തിരികെ വന്നു. ഇന്നേരമെല്ലാം ഡ്രോണില്‍ നിന്ന് മുഖം മറയ്ക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. ബോര്‍ഡും കൊണ്ട് ഓടുന്ന വഴിക്ക് ഒരാളുടെ മുണ്ടൂരിപ്പോയി. ഇതോടെ ഡ്രോണില്‍ നിന്ന് നാണം മറയ്ക്കാനായി ശ്രമം. കാരംസ് ബോര്‍ഡ് കൊണ്ട് നാണം മറച്ച് കുറച്ച് നേരം ഇരുന്നെങ്കിലും പിന്നീട് രണ്ടും കല്‍പ്പിച്ച് മുണ്ടില്ലാതെ ഇയാള്‍ ഓടുന്നതും വീഡിയോയില്‍ കാണാം.
ആലപ്പുഴ ജില്ലയിലെ വളളിക്കുന്നം പോലീസ് ഇറക്കിയ വീഡിയോ നേരത്തെ ഇത്തരത്തിൽ വൈറലായിരുന്നു. വളളിക്കുന്നത്തെ ഒരു വയലില്‍ ഇരുപതോളം പേരാണ് കൂട്ടം കൂടിയത്. ആകാശത്ത് ഡ്രോണ്‍ കണ്ടതും എല്ലാവരും നാല് പാടും ചിതറിയോടി. മുണ്ട് പറിച്ച് തലയിലിട്ട് മുഖം മറച്ചാണ് ചിലരുടെ ഓട്ടം. ചിലര്‍ തെങ്ങിന് പിറകില്‍ ഒളിച്ചു. എന്നാല്‍ വിശാലമായ പാടം ആയതിനാല്‍ ഡ്രോണിന്റെ കണ്ണ് വെട്ടിക്കാന്‍ ആര്‍ക്കുമായില്ല. സിഐഡി മൂസ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ എഡിറ്റ് ചെയ്ത് പോസ്‌ററ് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കുളളില്‍ ഇത് വൈറലാവുകയും ചെയ്തു.












Click it and Unblock the Notifications