Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ പകുതിയില്‍ തന്നെ വിജയ്ക്ക് മുഖ്യമന്ത്രിയാകണം: ലാഗ് അടിപ്പിച്ച് ചർച്ചകള്‍; ഒടുവില്‍ ക്ലീഷേ ക്ലൈമാക്സ്

ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) എന്ന സ്വന്തം പാർട്ടി രൂപീകരിച്ചത് മുതല്‍ ഡി എം കെയെ പ്രധാന എതിരാളിയായി പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഡി എം കെ യെ കടന്നാക്രമിക്കുമ്പോഴും പ്രതിപക്ഷമായ എ ഐ എ ഡി എം കെയെ ഒരിക്കല്‍ പോലും ഒന്ന് നിശിതമായി വിമർശിക്കാന്‍ വിജയ് തയ്യാറായിരുന്നില്ല. ഇതോടെ 2026 ലെ തിരഞ്ഞെടുപ്പിലേക്കായി എ ഐ എ ഡി എം കെയും ടി വി കെയും സഖ്യം രൂപീകരിച്ചേക്കുമെന്ന പ്രചരണവും ശക്തമായി.

എന്നാല്‍ എ ഐ എ ഡി എം കെ ഒരിക്കല്‍ കൂടി ബി ജെ പി പാളയത്തിലേക്ക് തിരികെ പോയതോടെ വിജയ് തന്റെ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ബി ജെ പി സഖ്യത്തിന്റെ പേരില്‍ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടുകൊണ്ട് ഡി എം കെയും ബി ജെ പിയും മാത്രമല്ല, എ ഐ എ ഡി എം കെയും തങ്ങളുടെ എതിർപാളയത്തിലാണെന്ന് ദളപതി പ്രഖ്യാപിക്കുന്നു.

tvk-aiadmk

ദളപതിയുടെ ഡയലോഗുകള്‍

ഭരണകക്ഷിയായ ഡി എം കെയുമായി ബി ജെ പി പരോക്ഷ സഖ്യം പുലർത്തുമ്പോള്‍ തന്നെ എ ഐ എ ഡി എം കെയുമായി അവസരവാദ സഖ്യം സ്ഥാപിച്ചിരിക്കുകയാണെന്നുമാണ് വിജയ് കഴിഞ്ഞ ദിവസം പറഞ്ഞത്. 2026 ലെ തെരഞ്ഞെടുപ്പ് ടി വി കെയും ഭരണകക്ഷിയായ ഡി എം കെയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കുമെന്നും വിജയ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

രഹസ്യമായി സൃഷ്ടിച്ച ജനവിരുദ്ധ സഖ്യത്തേയും മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിരസിക്കപ്പെടുകയും സമ്മർദ്ദം മൂലം വീണ്ടും രൂപീകരിക്കപ്പെടുകയും ചെയ്ത സഖ്യത്തേയും ജനം പാഠം പഠിപ്പിക്കും. ബി ജെ പി അടിസ്ഥാന രാഷ്ട്രീയ ധാർമ്മികത പോലും മറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ബി ജെ പിയെ ഒരു വിഭജന ശക്തിയായും ഡി എം കെ സംസ്ഥാനത്തെ അഴിമയുടെ പ്രതീകമായും മാറിയിരിക്കുന്നു. ബി ജെ പിയും ഡി എം കെയും പരസ്യമായി പ്രത്യയശാസ്ത്ര എതിരാളികളായി നടിക്കുമ്പോൾ രഹസ്യമായ ഒരു ബന്ധം അവർ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും വിജയ് ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കെതിരെ പോലും അഴിമതി ആരോപണ കേസുകളില്‍ കേന്ദ്ര സർക്കാർ ഏജന്‍സികള്‍ നടപടിയെടുക്കുന്നു. എന്നാൽ തമിഴ്‌നാട്ടിൽ, അഴിമതി ആരോപണം നേരിടുന്നവർ സൗകര്യപൂർവ്വം ഡൽഹി സന്ദർശിക്കുന്നു, പെട്ടെന്ന് അന്വേഷണം മന്ദഗതിയിലാകുന്നു. ബി ജെ പിയും ഡി എം കെയും തമ്മില്‍ രഹസ്യമായ ബന്ധം പുലർത്തുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. എന്നാല്‍ ബോധമുള്ള തമിഴ്നാട്ടിലെ ജനങ്ങള്‍ അവരുടെ നാടകത്തില്‍ വീഴില്ലെന്നും ടി വി കെ അധ്യക്ഷന്‍ വ്യക്തമാക്കി.

നായകന്റെ ഉപാധികള്‍

ടി വി കെ മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിക്കാന്‍ എ ഐ എ ഡി എം കെ തയ്യാറാവാതിരുന്നതോടെയാണ് സഖ്യനീക്കം പൊളിഞ്ഞതെന്നാണ് എ ഐ എ ഡി എം കെ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്തത്. സഖ്യത്തിന്റെ നേതൃസ്ഥാനം, വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുക, 234 നിയമസഭാ സീറ്റുകളിൽ പകുതി, തിരഞ്ഞെടുപ്പില്‍ സഖ്യം വിജയിച്ചാൽ, ഭരണത്തിന്റെ ആദ്യ പകുതിയിൽ വിജയ്ക്ക് മുഖ്യമന്ത്രി സ്ഥാനം തുടങ്ങിയവയായിരുന്നു ടി വി കെ മുന്നോട്ട് വെച്ച പ്രധാന ഉപാധികള്‍.

ഇതോടെ പല തവണ തമിഴ്നാട് ഭരിച്ച പാർട്ടിക്കു മുന്നിൽ ഇന്നലെ വന്നവർ വിലപേശുന്നതിലുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എ ഐ എ ഡി എം കെ സഖ്യ ചർച്ചകള്‍ അവസാനിപ്പിക്കുകയും ചെയ്തു. വിജയ് ക്യാമ്പുമായുള്ള ചർച്ച പരാജയപ്പെട്ടു. 50 വർഷത്തെ ചരിത്രത്തിൽ മൂന്ന് പതിറ്റാണ്ടോളം തമിഴ്‌നാട് ഭരിച്ച എ ഐ എ ഡി എം കെ, ടി വി കെ ഉയർത്തുന്ന ഉപാധികള്‍ യാഥാർത്ഥ്യബോധത്തോടെയുള്ളതാണെന്ന് കരുതുന്നില്ല' ഒരു മുതിർന്ന എ ഐ എ ഡി എം കെ നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

'വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുക എന്നതായിരുന്നു ആദ്യത്തേതും പ്രധാനവുമായ ആവശ്യം. തുടർന്ന്, 234 സീറ്റുകളിൽ പകുതി സീറ്റിലും അവർ മത്സരിക്കാൻ ആഗ്രഹിച്ചു. പുതുതായി രൂപീകരിച്ച ടി വി കെയ്ക്ക് ഞങ്ങൾ ഒരു ജൂനിയർ പാർട്ടിയാണെന്ന മട്ടിലാണ് അവർ ഞങ്ങളോട് പെരുമാറിയത്. അതിനാൽ, വിജയ് പാർട്ടിയുടെ ജൂനിയർ പങ്കാളിയാകുന്നതിനുപകരം എൻ ഡി എ സഖ്യത്തിൽ ചേരാൻ എ ഐ എ ഡി എം കെ തീരുമാനിച്ചു.' നേതാവ് തുടർന്നു.

Take a Poll

ബിജെപി കളത്തിലേക്ക്

ടി വി കെയുമായുള്ള സഖ്യ ചർച്ചകള്‍ അവസാനിച്ചതോടെ ബി ജെ പി കളത്തിലേക്ക് വരികയും വേഗത്തില്‍ തന്നെ എ ഐ എ ഡി എം കെയുമായുള്ള സഖ്യം പ്രഖ്യാപിക്കുന്നതുമാണ് പിന്നീട് ചെന്നൈ കണ്ടത്. സഖ്യത്തിനായി എ ഐ എ ഡി എം കെ മുന്നോട്ടുവെച്ച അണ്ണാമലയെ മാറ്റുകയെന്ന ഉപാധി ബി ജെ പി അംഗീകരിക്കുകയായിരുന്നു. സഖ്യം നിലവില്‍ വന്നതിന് പിന്നാലെ അണ്ണാമലൈയ്ക്ക് പകരം നൈനാർ നാഗേന്ദ്രൻ ശനിയാഴ്ച വൈകുന്നേരം പുതിയ തമിഴ്‌നാട് ബിജെപി പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റു.

ആരാണ് നാഗേന്ദ്രന്‍

2001 മുതൽ 2006 വരെ ജയലളിതയുടെ കീഴിലുള്ള എ ഐ എ ഡി എം കെ സർക്കാരിൽ മന്ത്രിയായിരുന്ന നാഗേന്ദ്രൻ, ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെ 2017 ലാണ് ബി ജെ പിയിൽ ചേരുന്നത്. അധ്യക്ഷ പദവിയിലേക്ക് എത്തുന്നതിന് മുമ്പ് സംസ്ഥാന ബി ജെ പി വൈസ് പ്രസിഡന്റായും സംസ്ഥാന നിയമസഭയിൽ നിയമസഭാ പാർട്ടി നേതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട് നാഗേന്ദ്രൻ.

അണ്ണാമലൈയും ഇ പി എസും ഗൗണ്ടർ സമുദായത്തിൽ പെട്ടവരായതിനാൽ, തമിഴ്‌നാട്ടിലെ നേതൃത്വത്തിന്റെ ജാതി സമവാക്യങ്ങൾ പുനഃസന്തുലിതമാക്കാനുള്ള പാർട്ടി തന്ത്രത്തിന്റെ ഭാഗമായിരുന്നു അണ്ണാമലൈയുടെ രാജിയെന്ന് ബി ജെ പി നേതാക്കളും പറയുന്നു. സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിലെ തിരുനെൽവേലിയിൽ നിന്നുള്ള നാഗേന്ദ്രൻ തേവർ സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണ്.

2021-ൽ ബി ജെ പി - എ ഐ എ ഡി എം കെ സഖ്യത്തിന്റെ ഭാഗമായി തിരുനെൽവേലി നിയമസഭാ സീറ്റിൽ നിന്നും നാഗേന്ദ്രൻ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. പിന്നീട് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തമിഴ്നാട്ടിലെ ബി ജെ പിയുടെ നാല് എം എൽ എമാരിൽ ഏറ്റവും സീനിയറുമാണ് നാഗേന്ദ്രന്‍. അണ്ണാമലൈയിൽ നിന്ന് വ്യത്യസ്തമായി സൗമ്യനായ നേതാവ് എന്നതാണ് നാഗേന്ദ്രനെ ശ്രദ്ധേയനാക്കുന്നത്. ബി ജെ പിയിൽ ചേർന്നതിനുശേഷവും തന്റെ പ്രദേശത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വലിയ സ്വാധീനം നാഗേന്ദ്രനുണ്ട്.

സ്റ്റാലിന്റെ പ്രതികരണം

അതേസമയം, ബി ജെ പി - എ ഐ എ ഡി എം കെ സഖ്യത്തെ "തോൽവിയുടെ അഴിമതി നിറഞ്ഞ സഖ്യം" എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകളിൽ നിന്ന് രക്ഷപ്പെടാൻ എ ഐ എ ഡി എം കെ സംസ്ഥാനത്തെ പണയം വച്ചിരിക്കുകയാണ്. രണ്ട് റെയ്ഡുകൾ മാത്രം ഭയന്ന് എ ഐ എ ഡി എം കെയെ പണയം വച്ചവർ ഇപ്പോൾ മുഴുവൻ തമിഴ്‌നാടിനെയും പണയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+