തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; തിയ്യതി, വോട്ടെണ്ണല്‍, എല്ലാം അറിയാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തിലും അസമിലും പുതുച്ചേരിയിലും ഏപ്രില്‍ 9ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. അതേസമയം, തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23നാണ് വോട്ടിങ്. ബംഗാളില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. ഏപ്രില്‍ 23, 29 തിയ്യതികളിലാണ് ബംഗാളിലെ വോട്ടെടുപ്പ്. എല്ലായിടത്തും മെയ് നാലിന് വോട്ടെണ്ണും. അന്ന് ഫലം അറിയാം.
2021ല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ ദിവസമായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ ഇത്തവണ രണ്ടാഴ്ച വ്യത്യാസമുണ്ട്. ഒരു പാര്‍ട്ടിയുമായും സഖ്യം ചേരാതിരിക്കുന്ന വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുടെ നീക്കമാണ് തമിഴ്‌നാട്ടില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. പുതിയ സഖ്യരൂപീകരണത്തിന് ടിവികെക്ക് കൂടുതല്‍ സമയം കിട്ടുമെന്നതാണ് എടുത്തു പറയേണ്ടത്.

234 അംഗ നിയമസഭയാണ് തമിഴ്‌നാട്ടിലേത്. എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സര്‍ക്കാരാണ് നിലവില്‍ ഭരണം നടത്തുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സജീവമായിരുന്നു. തുടര്‍ഭരണം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. ഇത്തവണ മുന്നണിയില്‍ കൂടുതല്‍ പാര്‍ട്ടികളെ ചേര്‍ക്കാന്‍ കഴിഞ്ഞത് നേട്ടമാകുമെന്ന് ഡിഎംകെ കരുതുന്നു.
എഐഎഡിഎംകെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷമാണ് തമിഴ്‌നാട്ടിലുള്ളത്. ഡിഎംക ഭരണം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ എടപ്പാടി പളനിസ്വാമിയുടെ ആത്മവിശ്വാസം. എന്നാല്‍ വിജയകാന്ത് രൂപീകരിച്ച ഡിഎംഡികെ, ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നത് ഇവര്‍ക്ക് തിരിച്ചടിയാകും. 2021ല്‍ 133 സീറ്റാണ് ഡിഎംകെക്ക് കിട്ടിയത്. എഐഎഡിഎംകെക്ക് 66 സീറ്റും ലഭിച്ചു. കോണ്‍ഗ്രസ് 18 സീറ്റ് നേടി.
2016ല്‍ എഐഎഡിഎംകെക്ക് 134 സീറ്റ് ലഭിച്ചിരുന്നു. അന്ന് ഡിഎംകെ നേടിയത് 89 സീറ്റാണ്. കോണ്‍ഗ്രസ് എട്ട് സീറ്റും. 2021ലെത്തിയപ്പോള്‍ ചിത്രം മാറി. ഇത്തവണ ടിവികെ കൂടി കളത്തിലുണ്ട് എന്നതാണ് എടുത്തു പറയേണ്ടത്. തമിഴ്‌നാട്ടില്‍ ആദ്യമായിട്ടാണ് ത്രികോണ മല്‍സരത്തിന് കളം ഒരുങ്ങിയിട്ടുള്ളത്. വിജയുടെ പാര്‍ട്ടി കിങ് മേക്കറാകുമോ, തനിച്ച് ഭരിക്കുമോ, അല്ലെങ്കില്‍ വോട്ട് കട്ടര്‍ ആകുമോ എന്നെല്ലാം അറിയാന്‍ മെയ് 4 വരെ കാത്തിരിക്കണം.
പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലം 2021
പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 16നാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 23. സൂക്ഷ്മപരിശോധന മാര്‍ച്ച് 24ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 ആണ്. ഏപ്രില്‍ 9ന് വോട്ടെടുപ്പും മെയ് 4ന് വോട്ടെണ്ണലും നടക്കും.
അഖിലേന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നീ കക്ഷികളാണ് ഇവിടെ പ്രധാനമായും മല്‍സര രംഗത്തുള്ളത്. 2021ല്‍ എന്‍ആര്‍ കോണ്‍ഗ്രസ് 10 സീറ്റ് നേടി വലിയ കക്ഷിയായി. ഡിഎംകെ ആറ് സീറ്റ് നേടി. ബിജെപിയും കോണ്‍ഗ്രസും ആറ് സീറ്റുകള്‍ വീതം നേടി.












Click it and Unblock the Notifications