തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ചെന്നൈ: തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുകയാണ്. കനത്ത മഴയത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴയ്ക്ക് ശമനമില്ലാത്തത് കൊണ്ട് ഇന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ പൊതു അവധിയാണ്. ഇന്ന് 13 ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ്. മഴയുടെ ശക്തി ഇന്ന് കുറയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ. കന്യാകുമാരി തീരം, തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വെരയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേരള - കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും രാത്രി 11. 30 വരെ 1. 0 മുതൽ 1. 5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
തമിഴ്നാട്ടിൽ തെക്കൻ ജില്ലകളിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന പാലക്കാട് - തിരുന്നൽവേലി എക്സ്പ്രസ് ( 16792), തിരുവനന്തപുരം - തിരിച്ചിറപ്പിള്ളി എക്സ്പ്രസ് ( 22628), തിരിച്ചിറപ്പള്ളി തിരുവനന്തപുരം എക്സ്പ്രസ് ( 22627), 16322 കോയമ്പത്തൂർ - നാഗർ കോവിൽ എക്സ്പ്രസ് എന്നിവ അടക്കമുള്ള 23 ട്രെയിനുകൾ പൂർണമായും റദ്ദാക്കി.
തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന നാഗർകോവിൽ - തിരുനെൽവേലി എക്സ്പ്രസ്, തിരുവനന്തപുരം - തിരുച്ചിറപ്പള്ള എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ എഗ്മോർ - -ഗുരുവായൂർ-ചെന്നൈ എഗ്മോർ(16127, 16128), കൊല്ലം - ചെന്നൈ എഗ്മോർ ( 20636), നാഗർകോവിൽ - കോയമ്പത്തൂർ-നാഗർകോവിൽ സൂപ്പർ ഫാസ്റ്റ് (22667, 22668) നാഗർ കോവിൽ - എസ് എം വി ടി ബെംഗളൂരു - നാഗർ കോവിൽ (17236, 17235) തുടങ്ങിയ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി.
അതേ സമയം കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. പ്രത്യേകിച്ച് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ലെങ്കിലും സംസ്ഥാ
നത്ത് പരക്കെ ശക്തമായി മഴയ്ക്കാണ് സാധ്യത. കൊമറിൻ മേഖലയ്ക്കും സമീപ പ്രദേശങ്ങളിലും ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ വരുന്ന അഞ്ച ദിവസം കൂടി മഴ ഉണ്ടാവും. ഉയർന്ന തിരമാലയക്കുമ കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നും അറിയിപ്പുണ്ട്.












Click it and Unblock the Notifications