കള്ളപ്പണം ദൈവത്തിന്, മോക്ഷമെങ്കിലും കിട്ടുമല്ലോ !
രാജ്യത്ത് 500, 1000രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ കള്ളപ്പണം കൈയില്‍ സൂക്ഷിച്ചവര്‍ ദൈവത്തെ കൂട്ടുപിടിക്കുന്നു.
ചെന്നൈ: രാജ്യത്ത് 500, 1000രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ കള്ളപ്പണം കൈയില്‍ സൂക്ഷിച്ചവര്‍ ദൈവത്തെ കൂട്ടുപിടിക്കുന്നു. കാശ് കത്തിച്ചു കളയുകയോ ഉപേക്ഷിക്കുകയോ അല്ലാതെ വേറെ വഴി ഇല്ലാതായതോടെ കള്ളപ്പണക്കാര്‍ പണം അമ്പലങ്ങളില്‍ കാണിക്ക നല്‍കുന്നു.
തമിഴ്‌നാടിലെ ഒരു ക്ഷേത്രത്തിന് ഇത്തരത്തില്‍ 44 ലക്ഷം രൂപ ലഭിച്ചു. അതും 500, 1000 രൂപ നോട്ടുകള്‍ മാത്രം. വെള്ളൂരിരിലെ ജലകണ്‌ഠേശ്വര ക്ഷേത്രത്തിനാണ് ഇത്രയും വലിയ തുക നിക്ഷേപം ലഭിച്ചിരിക്കുന്നത്. കള്ളപ്പണം ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കം. രാജ്യത്തെ അമ്പലങ്ങളിലും പള്ളികളിലും ഇത്തരത്തില്‍ വമ്പന്‍ നിക്ഷേപം എത്തും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

500, 1000 രൂപ നോട്ടുകള്‍
ചൊവ്വാഴ്ച 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ കള്ളപ്പണക്കാര്‍ പ്രതിസന്ധിയിലായെങ്കിലും തീരുമാനം ദൈവങ്ങള്‍ക്ക് ഗുണമായിരിക്കുകയാണ്. ഇതിന്റെ സൂചനയാണ് വെള്ളൂരിലെ ജലകണ്‌ഠേശ്വര ക്ഷേത്രത്തിലേക്ക് 44 ലക്ഷം രൂപ കാണിക്കയായെത്തിയത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളാണ് കാണിക്കയായി ലഭിച്ചിരിക്കുന്നത്.

ദൈവങ്ങള്‍ കോടീശ്വരന്മാരാകുന്നു
വെള്ളൂരിലെ ജലകണ്‌ഠേശ്വര ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. 16ാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രം നാന്നൂറ് വര്‍ഷത്തോളമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ 1981ല്‍ ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു.

ബാങ്കില്‍ നിക്ഷേപിക്കും
ക്ഷേത്രത്തിന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന തുകയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന 44 ലക്ഷം രൂപയെന്ന് ക്ഷേത്രം സെക്രട്ടറി എസ്. സുരേഷ് കുമാര്‍ പറഞ്ഞു. ഈ തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പണം നിക്ഷേപിച്ചത് ഒരാളാണോ അതല്ലെങ്കില്‍ പലരാണോ എന്ന കാര്യം വ്യക്തമല്ല.

അന്വേഷണ സാധ്യതയില്ല
ആരാണ് പണം നിക്ഷേപിച്ചതെന്ന് കണ്ടെത്താന്‍ പരിമിതികളുണ്ട്. മാത്രമല്ല രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പിടിവിഴാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിസന്ധിയിലാണ് ക്ഷേത്ര ജീവനക്കാരും.

ഗംഗയില്‍ പണം ഒഴുകുന്നു
നോട്ട് നിരോധനത്തിനു പിന്നാലെ പേപ്പറിന്റെ വില പോലും ഇല്ലാതായ 500, 1000 രൂപ നോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചാക്കില്‍ക്കെട്ടിയ നിലയിലും കത്തിച്ച നിലയിലും പല സ്ഥലങ്ങളില്‍ നിന്നും 1000, 500 രൂപ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന പണമാണ് ഇങ്ങനെ കാണപ്പെടുന്നതെന്നാണ് സൂചനകള്‍. ഗംഗയിലും ഇത്തരത്തില്‍ പണം ഒഴുകുന്നുണ്ടെന്നാണ് വിവരങ്ങള്‍.












Click it and Unblock the Notifications